യുവരാജ് സിംഗ്, വൈഭവ് സൂര്യവംശി
ദോഹ: യുഎഇക്കെതിരായ 53 പന്തില്‍ 204 റണ്‍സ് എന്ന ചരിത്ര ഇന്നിംഗ്സിന്റെ രഹസ്യം വൈഭവ് സൂര്യവംശി വെളിപ്പെടുത്തി.
ഇന്ത്യന്‍ മുന്‍താരം യുവരാജ് സിംഗുമായി 30 മിനിറ്റ് നടത്തിയ ഫോണ്‍ സംഭാഷണമാണ് തന്റെ റിക്കാര്‍ഡ് ഇന്നിംഗ്സിനു പ്രചോദനമായതെന്നു ബിസിസിഐ പുറത്തുവിട്ട വീഡിയോയിലൂടെ വൈഭവ് സൂര്യവംശി വെളിപ്പെടുത്തി.
“ഞാന്‍ നാലു പേരോടാണ് സംസാരിച്ചത്. അച്ഛനോട്, കുട്ടിക്കാലത്തെ കോച്ച് മനീഷ് ഓജയോട്, അണ്ടര്‍-19ല്‍ എന്നോടൊപ്പമുണ്ടായിരുന്ന സുഹൃത്തിനോട്. നാലാമത്തെ വ്യക്തി യുവരാജ് സിംഗ് സര് ആയിരുന്നു. അദ്ദേഹത്തോട് അരമണിക്കൂറോളം സംസാരിച്ചു.
ക്രീസിലേക്ക് ഇറങ്ങുമ്പോള്‍ എനിക്കുള്ള പ്രശ്നങ്ങള്‍ പറഞ്ഞു. 20 പന്ത് നേരിട്ടാല്‍ സ്കോറില്‍ വലിയ വ്യത്യാസമുണ്ടാക്കാന്‍ എനിക്കു സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചില സാങ്കേതിക വശങ്ങളും പറഞ്ഞുതന്നു. അതെല്ലാം സഹായകരമായി.
യുവരാജ് സര് എന്റെ ആരാധ്യപുരുഷനാണ്. നിങ്ങളുടെ ആരാധനാപാത്രം എന്തെങ്കിലും പറയുമ്പോള്‍ ഓരോ വാക്കും നിങ്ങള്‍ ശ്രദ്ധിക്കും. എന്റെ ബാറ്റിംഗ് വീഡിയോകള്‍ കണ്ടപ്പോഴും യുവരാജ് സര് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടു. തെറ്റുകള്‍ വരുത്തുന്നുണ്ടെന്ന് എനിക്കു മനസിലായി.
അവ പരിഹരിക്കാന്‍ ഞാന്‍ ശ്രമിച്ചു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും (നേപ്പാള്‍, പാക്കിസ്ഥാന് എ) ലഭിച്ച തുടക്കം മുതലാക്കാന്‍ സാധിച്ചില്ല. അതുകൊണ്ടു തന്നെ തുടക്കത്തില്‍ (യുഎഇക്ക് എതിരേ) സമയം എടുത്ത് കളിക്കുക എന്നതായിരുന്നു പദ്ധതി.”- വൈഭവ് സൂര്യവംശി പറഞ്ഞു.
Tags : Vaibhav Suryavanshi Yuvraj grace Everything Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash