ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ
കൊച്ചി: ക്രിസ്തുവിന്റെ സുവിശേഷത്തിനു ഉത്സാഹപൂർവ്വം സാക്ഷ്യംവഹിച്ച തീക്ഷ്ണമതിയായ മിഷണറിയായിരുന്നു ഗുവാഹത്തി അതിരൂപതയുടെ അന്തരിച്ച പ്രഥമ ആർച്ച്ബിഷപ് ഡോ. തോമസ് മേനാംപറമ്പിലെന്നു സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
ക്രിസ്തുസമാനമായ സ്നേഹത്തോടെ വടക്കുകിഴക്കൻ ഇന്ത്യയിലെ ജനങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ നിസ്വാർഥമായ പ്രവർത്തനങ്ങൾ സഭാ ചരിത്രത്തിലെ സുവർണ ഏടുകളാണ്.
സുവിശേഷ പ്രഘോഷണത്തോടൊപ്പം വിവിധ സംസ്കാരങ്ങളെയും ജനവിഭാഗങ്ങളെയും ചേർത്തുപിടിച്ച ഒരു തികഞ്ഞ മനുഷ്യസ്നേഹിയായും സംഘർഷ ഭൂമികളിൽ സമാധാനത്തിന്റെ ദൂതനായും അദ്ദേഹം ലോകത്തിന് മാതൃകയായി. തന്റെ ലളിതമായ ജീവിതശൈലിയിലൂടെയും ആഴമേറിയ പാണ്ഡിത്യത്തിലൂടെയും സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.
താൻ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത കർത്താവിന്റെ സന്നിധിയിൽ ആർച്ച്ബിഷപ് മേനാംപറമ്പിലിനു ശാന്തിയും നിത്യസമ്മാനവും ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്ന ഗുവാഹത്തി അതിരൂപതാംഗങ്ങളുടെയും സലേഷ്യൻ സന്യാസ സമൂഹത്തിന്റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മാർ റാഫേൽ തട്ടിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Tags : Zealous Missionary Mar Thattil Dr. Thomas Menamparampil Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash