പ്രതീകാത്മക ചിത്രം - എഐ
കൊച്ചി: കുറ്റവാളികളെ തിരുത്തി സമൂഹത്തിലേക്കു തിരിച്ചെത്തിക്കേണ്ട ജയിലുകളിൽ മാനസികാരോഗ്യ പരിചരണം പ്രതിസന്ധിയിൽ. സംസ്ഥാനത്തെ 58 ജയിലുകളിലെ തടവുകാർക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സ്ഥിരസേവനം ഉറപ്പാക്കാനായിട്ടില്ല.
മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് തുടർച്ചയായ കൗൺസലിംഗും ചികിത്സയും ലഭ്യമാക്കുന്നതിലെ പോരായ്മകൾ ജയിലുകളിലെ പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. മാനസികസമ്മർദം, വിഷാദം, ഉത്കണ്ഠ, ലഹരി ഉപയോഗം മൂലമുള്ള മാനസികപ്രശ്നങ്ങൾ എന്നിവ നേരിടുന്നവർക്ക് ശാസ്ത്രീയ ഇടപെടൽ അത്യാവശ്യമാണ്. നിലവിൽ കരാറടിസ്ഥാനത്തിൽ നിയമിച്ച എംഎസ്ഡബ്ല്യു യോഗ്യതയുള്ളവരാണ് തടവുകാർക്ക് മോട്ടിവേഷണൽ ക്ലാസുകൾ ഉൾപ്പടെ നൽകുന്നത്.
ജയിൽ വകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 10,780 തടവുകാരിൽ 1,201 പേർക്കു മാനസികാരോഗ്യ സഹായം ആവശ്യമാണ്. ആകെ തടവുകാരുടെ 12.24 ശതമാനമാണിത്. ഇതിൽ 1,160 പേർ പുരുഷന്മാരാണ്. മാനസികപ്രശ്നങ്ങൾക്ക് മരുന്നുകൾ ഉൾപ്പടെയുള്ള ചികിത്സ തേടുന്നവരാണ് ഭൂരിഭാഗവും.
പുതുതായി എത്തുന്ന തടവുകാരുടെ ആരോഗ്യപരിശോധന നടത്തി മുന്പ് കഴിച്ചിരുന്ന മരുന്നുകളുടെയും രോഗത്തിന്റെയും വിവരങ്ങൾ ശേഖരിക്കാറുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സർക്കാർ ആശുപത്രികളിലേക്കും മെഡിക്കൽ കോളജുകളിലേക്കും റഫർ ചെയ്യുകയാണു പതിവ്. എന്നാൽ വിദഗ്ധരുടെ നിരന്തര നിരീക്ഷണവും വ്യക്തിഗത കൗൺസലിംഗും ഉറപ്പാക്കാനുള്ള സംവിധാനങ്ങളില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
Tags : No Clinical Psychologists Prisons Mental Health Care Crisis Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash