പ്രതീകാത്മക ചിത്രം
കോഴിക്കോട്: സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പെൻഷൻ വീടുകളിലെത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ പിരിവുകാരടക്കമുള്ള വിതരണ ജീവനക്കാരുടെ ഇന്‍സന്റീവ് വിതരണം നിലച്ചു.
11 മാസമായുള്ള കുടിശിക ഇതുവരെ വിതരണം ചെയ്തിട്ടില്ല. മുഖ്യമന്ത്രിക്കുള്‍പ്പടെ നിവേദനം നല്‍കിയിട്ടുണ്ടെന്നും നടപടി ആയില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും ജീവനക്കാര്‍ അറിയിച്ചു.
എൽഡിഎഫ് സർക്കാരിന്റെ കാലത്തെ അഞ്ചും നിലവിലെ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആറു മാസത്തെയും ഇൻസെന്റീവാണ് മുടങ്ങിക്കിടക്കുന്നത്. കിടപ്പായവർ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങി അവശതയനുഭവിക്കുന്നവർക്ക് കൃത്യസമയത്ത് പെൻഷൻ കൈകളിലെത്തിക്കാൻ പ്രവർത്തിക്കുന്ന നൂറുകണക്കിനു ജീവനക്കാരാണ് ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നത്.
ഒരാൾക്ക് വീട്ടിൽ പെൻഷൻ എത്തിക്കുന്നതിന് 25 രൂപയാണു നിലവിൽ നൽകുന്നത്. ഈ തുച്ഛമായ തുക പോലും മാസങ്ങളായി ലഭിക്കാത്തത് പലരുടെയും കുടുംബ ബജറ്റ് താളം തെറ്റിച്ചു. ഓണക്കാലത്ത് പതിനായിരം രൂപ മുന്‍കൂറായി നല്‍കണമെന്ന ആവശ്യം പോലും പരിഗണിക്കപ്പെട്ടില്ലെന്നും ഇവര്‍ പറയുന്നു.
സംസ്ഥാനത്ത് ആകെ 52,38,232 പേരാണ് വിവിധ ക്ഷേമപെൻഷനുകൾ കൈപ്പറ്റുന്നത് ഇതിൽ 22,22,822 പേർ സഹകരണ ജീവനക്കാർ വഴി നേരിട്ടും 30,15,410 പേർ ബാങ്ക് അക്കൗണ്ടുകൾ വഴിയുമാണ് പെൻഷന് കൈപ്പറ്റുന്നത്.
Tags : Deposit collectors Strike cooperative institutions social welfare pensions beneficiaries Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash