തിരുവനന്തപുരം: നിപ നിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് മന്ത്രി കെ. മുരളീധരൻ. നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന മൂന്നുപേരുടെ പരിശോധനാ ഫലമാണ് വന്നത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ സ്രവ പരിശോധനയിലാണ് മൂന്നുപേർക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്. രോഗബാധിതനുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ ഫലം നെഗറ്റീവായത് ആരോഗ്യവകുപ്പിനും സംസ്ഥാനത്തിനും വലിയ ആശ്വാസമാണ് നൽകുന്നത്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത തുടരുമെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. സമ്പർക്കപ്പട്ടികയിലുള്ള മറ്റുള്ളവരുടെ ആരോഗ്യസ്ഥിതിയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിരീക്ഷണത്തിനായി സമ്പർക്ക പട്ടികയിലുള്ള നാലു പേരെകൂടി ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതുതായി 13 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെല്ലാവരും കുറഞ്ഞ റിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. ഇതോടെ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽ നാലു പേരും ഉയർന്ന റിസ്ക്ക് വിഭാഗത്തിൽ 14 പേരും കുറഞ്ഞ റിസ്ക്ക് വിഭാഗത്തിൽ 82 പേരും ഉൾപ്പെടെ നിലവിൽ 100 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.
Tags : Test result nipah virus negative