കോതമംഗലം: ധീരോചിതമായ സുകൃതജീവിതം നയിച്ച ധന്യാത്മാവാണ് ജോസഫ് പഞ്ഞിക്കാരനച്ചനെന്ന് ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ. കോതമംഗലം കത്തീഡ്രലിൽ നടന്ന കൃതജ്ഞതാ ബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സ്വന്തം ജീവിതപ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിന്റെ ചൈതന്യം പകർന്നുകൊടുക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതാഭിലാഷം. അതുകൊണ്ടാണ് അവഗണിക്കപ്പെട്ടവരോട് അലിവോടെ പെരുമാറുകയും വിശ്വാസികളുടെ വേദനയിൽ പങ്കുചേരുകയും ചെയ്തത്.
കോതമംഗലം പ്രദേശത്ത് ആ കാലഘട്ടത്തിൽ ആതുരശുശ്രൂഷാ സൗകര്യങ്ങൾ ലഭ്യമല്ലാതിരിക്കെ സാധാരണക്കാരുടെ ദുരിതം മനസിലാക്കി തനിക്ക് കുടുംബത്തിൽനിന്നു കിട്ടിയ സ്വത്ത് വിറ്റ് ആതുരസേവനത്തിനായി തങ്കളത്ത് ധർമഗിരി എന്നപേരിൽ ആശുപത്രി സ്ഥാപിച്ചു.
അത് ആതുര ശുശ്രൂഷാരംഗത്ത് സീറോമലബാർ സഭയുടെ വലിയൊരു മുന്നേറ്റത്തിന് വഴിയൊരുക്കി. മനുഷ്യന്റെ വേദനകളിൽ അങ്ങനെ പങ്കുചേർന്നപ്പോൾ പഞ്ഞിക്കാരനച്ചൻ ഒരു ദൈവസ്നേഹിയായി മാറി. ഈ ജീവിതവിശുദ്ധി സഭ അംഗീകരിക്കുന്നു. അതിന്റെ അടയാളമാണു ധന്യപദവിയെന്നും മാർ പുന്നക്കോട്ടിൽ പറഞ്ഞു.
Tags : Mar Punnakottil Bishop Punnakottil virtuous life Joseph Panhikkarachan Kothamangalam Cathedral