തൃശൂർ: ചാരം മൂടിയ നിലത്ത് ചിതറിക്കിടക്കുന്ന വെടിക്കോപ്പ് സാമഗ്രികൾ. പുകഞ്ഞുകൊണ്ടിരുന്ന വന്പൻ മരക്കുറ്റികൾക്കും സിമന്റ് കട്ടകൊണ്ടു കെട്ടിയ താത്കാലിക ഷെഡിനും ചുറ്റിലുമായി കുഴിമിന്നികളുടെയും കൂറ്റൻ ഡൈനകളുടെയും അവശിഷ്ടങ്ങൾ. ഒരു രാത്രി പിന്നിട്ടിട്ടും വിട്ടുമാറാതെ, കത്തിക്കരിഞ്ഞ മാംസത്തിന്റെയും വെടിമരുന്നിന്റെയും ഗന്ധം.
എല്ലാം കത്തിയമർന്നപ്പോൾ ബാക്കിയായതു കരിഞ്ഞുണങ്ങിയ മരങ്ങളും ജോലിക്കാർ എത്തിയ ഇരുചക്രവാഹനങ്ങളുടെ അസ്ഥികൂടങ്ങളുംമാത്രം. മുണ്ടത്തിക്കോട് കുട്ടംകുളം പാടത്തെ ഒറ്റപ്പെട്ട തുരുത്ത് ഇപ്പോൾ ചുടലപ്പറന്പിനു തുല്യം.ഫോറൻസിക് പരിശോധനകൾ നടക്കുന്നതിനാൽ മേഖലയിൽ രാവിലെതന്നെ പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
മൃതദേഹങ്ങൾ തെരയുന്നതിനു കഡാവർ നായ്ക്കളെ അടക്കം എത്തിച്ചു. ഏതാനും ശരീരഭാഗങ്ങളും ആന്തരികാവയവങ്ങളുടെ അവശിഷ്ടങ്ങളുമാണ് ഇന്നലെ ലഭിച്ചത്. ദുരന്തങ്ങളുണ്ടാകുന്ന ഇടങ്ങളിൽ തെരച്ചിൽ നടത്താൻ പരിശീലനം ലഭിച്ച കോഴിക്കോട്ടെ ഐഡിയൽ റിലീഫ് വിംഗിന്റെ സന്നദ്ധസേവകരും സഹായിച്ചു. ചെറിയ അവശിഷ്ടങ്ങൾ സംഭവസ്ഥലത്തുനിന്നും മറ്റുള്ളവ പാടത്തുനിന്നുമാണു ലഭിച്ചതെന്ന് ഇവർ പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ മൃതദേഹ അവശിഷ്ടങ്ങൾക്കുള്ള തെരച്ചിൽ അവസാനിപ്പിച്ചു.
കൊച്ചി സിറ്റിയിലെയും ഇടുക്കി ജില്ലാ പോലീസിലെയും മായ, മർഫി, എയ്ഞ്ചൽ, എക്സ്പ്ലോസീവ് വിഭാഗത്തിന്റെ സാനിയ എന്നീ നായ്ക്കൾ ചേർന്നായിരുന്നു പരിശോധന.
കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. തൊട്ടുപിന്നാലെ ഫയർഫോഴ്സിന്റെ സ്കൂബ ഡൈവിംഗ് സംഘം സമീപത്തെ രണ്ടു കുളത്തിലും കിണറ്റിലും പരിശോധന തുടങ്ങി. ഫോറൻസിക് സംഘം സാന്പിളുകൾ ശേഖരിച്ചു. ഇവ റീജണൽ മൊബൈൽ ലബോറട്ടറിയിലേക്കു മാറ്റി. ഉച്ചയ്ക്കു പന്ത്രണ്ടോടെ സ്കൂബ സംഘം തെരച്ചിൽ അവസാനിപ്പിച്ചു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ കേടുപറ്റിയ വീടുകളുടെ കണക്കെടുപ്പും റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ജനൽച്ചില്ലുകളാണ് ഏറെയും തകർന്നത്.
Tags : fire is burning