കൊച്ചി: എറണാകുളം ജില്ലയില്‍ നിന്നുള്ള എംഎല്‍എ കേരളത്തിന്‍റെ മുഖ്യമന്ത്രിയായതില്‍ അഭിമാനവും അഹങ്കാരവുമുണ്ടെന്ന് ഹൈബി ഈഡന്‍ എംപി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൊതുസമൂഹം തങ്ങളോട് ആജ്ഞാപിക്കുന്ന രീതിയിലാണ് വി.ഡി. സതീശന്‍റെ പേര് നിര്‍ദേശിച്ചു കൊണ്ടിരുന്നത്. ആ ജനവികാരം പരിപൂര്‍ണമായി രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ മനസിലാക്കിയെന്നും ഹൈബി ഈഡന്‍ പ്രതികരിച്ചു.
എറണാകുളം ജില്ലയില്‍ നിന്നും പ്രത്യേകിച്ച് എന്‍റെ പാര്‍ലമെന്‍റ് നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് കേരളത്തിന്‍റെ മുഖ്യമന്ത്രിയായത്. അതില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അഭിമാനവും ലേശം അഹങ്കാരവുമൊക്കെയുണ്ട്. ഇത് കേരളത്തിലെ പൊതുസമൂഹം ഒരുപോലെ ആഗ്രഹിച്ച, കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൊതുസമൂഹം ഞങ്ങളോട് അഭ്യര്‍ഥിച്ച കാര്യമാണ്.
അദ്ദേഹം അഞ്ചു വര്‍ഷം മുമ്പ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനത്താണ് ആദ്യമായി പ്രതിപക്ഷ നേതാവായി കടന്നു വന്നത്. ഇന്ന് തിരുവനന്തപുരത്ത് പാര്‍ലമെന്‍ററി പാര്‍ട്ടി മീറ്റിംഗ് ഉള്ളതു കൊണ്ട് അങ്ങോട്ട് പോവേണ്ടി വന്നു. ഞങ്ങള്‍ അവിടെയില്ലെങ്കിലും സന്തോഷത്തില്‍ പങ്കുചേരുകയാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
Tags : Hibi Eden VD Satheesan Kerala Chief Minister