മലപ്പുറം: യുവാക്കളെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. തച്ചനാട്ടുകര നാട്ടുകല്‍ പുത്തന്‍പീടികയില്‍ മുഹമ്മദ് മുനീര്‍, താഴേക്കോട് കരിങ്കല്ലത്താണി കുരി വീട്ടില്‍ മുഹമ്മദ് ബഷീര്‍, നാട്ടുകല്‍ കുളംപറമ്പില്‍ കെ.പി. നൗഫല്‍ എന്നിവരാണ് പിടിയിലായത്.
പെരിന്തല്‍മണ്ണ താഴേക്കോട് ശനിയാഴ്ച ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അപകടത്തില്‍ നാട്ടുകല്‍ സ്വദേശികളായ മുഹമ്മദ് ഇര്ഫാന്, മുഹമ്മദ് ഷമീല്‍, സല് മാനുല്‍ ഫാരിസ് എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു.
അപകടത്തിന് മുൻപ് യുവാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് വ്യക്തമായിരുന്നു. തച്ചനാട്ടുകര നാട്ടുകല്ലില്‍ രണ്ടുമാസം മുൻപ് കൗമാരക്കാരായ വിദ്യാര്‍ഥികളുടെ ഫുട്ബാള്‍ മേളയില്‍ തര്‍ക്കവും അടിപിടിയും ഉണ്ടായിരുന്നു.
ഇതുസംബന്ധിച്ച് നാട്ടുകല്‍ പോലീസില്‍ പരാതിയും കേസുമുണ്ട്. കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് പുതിയ സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്. ഇവരില്‍ മൂന്നുപേരാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി.
Tags : kerala police crime news malappuram arrest