കണ്ണൂർ: പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദനെ സിപിഎം പുറത്താക്കി. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് ഗോവിന്ദനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്.
പാർട്ടിക്കെതിരെ പച്ച നുണയാണ് ടി.കെ. ഗോവിന്ദൻ പറഞ്ഞതെന്നും അദ്ദേഹത്തിന്റേത് പാർലമെന്ററി അവസരവാദമാണെന്നും രാഗേഷ് പറഞ്ഞു. ഗോവിന്ദൻ എക്സ് കമ്മ്യൂണിസ്റ്റ് ആണെന്നും രാഗേഷ് കുറ്റപ്പെടുത്തി. ടി.കെ. ഗോവിന്ദനെ പുറത്താക്കാൻ സംസ്ഥാന നേതൃത്വം കണ്ണൂർ ജില്ലാ ഘടകത്തിന് നിർദേശം നൽകിയിരുന്നു.
തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് കണ്ണൂർ സിപിഎമ്മിലെ കടുത്ത ഭിന്നത പരസ്യമാക്കി ടി.കെ. ഗോവിന്ദൻ പുറത്തുപോയത്. പാർട്ടിക്കുള്ളിൽ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയൻ ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ കൂട്ടുനിൽക്കുന്നു എന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം തുറന്നടിച്ചു. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മൂന്ന് ടേം പൂർത്തിയാക്കിയ മണ്ഡലത്തിൽ നാലാം തവണ ഭാര്യയെത്തന്നെ സ്ഥാനാർഥിയാക്കിയത് ആസൂത്രിതമാണെന്നും ടി.കെ. ഗോവിന്ദൻ ആരോപിച്ചു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ കുഞ്ഞികൃഷ്ണൻ പറഞ്ഞതാണ് ശരിയെന്നും അദ്ദേഹം ആരോപിച്ചു. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് കുഞ്ഞികൃഷ്ണൻ പുറത്തുവിട്ട കണക്കുകളാണ് അണികൾ വിശ്വസിക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Tags : assembly election kerala cpm expells tk govindan