കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ ആത്മവിശ്വാസം പകരുന്ന വിജയത്തിനു പിന്നാലെ മുന്നണി വിപുലീകരണത്തിനൊരുങ്ങി യുഡിഎഫ്. ആദ്യഘട്ടമായി മുന്നണിയിലെ അസോസിയേറ്റ് മെംബര്‍മാരായി പി.വി. അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെയും ഉള്‍പ്പെടുത്താൻ ഇന്നലെ കളമശേരിയില്‍ നടന്ന സമ്പൂര്‍ണ യുഡിഎഫ് യോഗം തീരുമാനിച്ചു.
വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോണ്‍ഗ്രസും മുന്നണിയില്‍ ചേരാന്‍ കത്ത് നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് യോഗത്തിനുശേഷം പറഞ്ഞു. യുഡിഎഫിന്റെ ഭാഗമാകണമെന്ന ആവശ്യം അറിയിച്ചവരെ മുന്നണിയിലെടുക്കുന്ന കാര്യം മാത്രമാണു പരിഗണിച്ചത്. മുന്നണി വിട്ടുപോയവരുടെ തിരിച്ചുവരവ് സംബന്ധിച്ചു ചര്‍ച്ച നടന്നിട്ടില്ല.
ഇടതുപക്ഷത്തോടൊപ്പം ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന നിരവധി സഹയാത്രികള്‍ വരെ യുഡിഎഫിനൊപ്പം ചേരും. ഇടതുപക്ഷം തീവ്ര വലതുപക്ഷമായി മാറിയെന്ന ഇക്കൂട്ടരുടെ തിരിച്ചറിവാണ് യുഡിഎഫിനൊപ്പം അണിചേരാന്‍ ഘടകമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനോടടുത്ത് കൂടുതല്‍ പ്രാദേശിക കക്ഷികള്‍ മുന്നണിയുടെ ഭാഗമാകും. നിരുപാധിക പിന്തുണയാണ് കക്ഷികള്‍ മുന്നോട്ടു വയ്ക്കുന്നത്. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും തീരുമാനിക്കുകയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സിപിഎമ്മുമായും ബിജെപിയുമായും സഹകരണമില്ല
സിപിഎം, ബിജെപി പാർട്ടികളുമായി ഉടമ്പടിയോ ധാരണകളോ പാടില്ലെന്നു യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. മിഷന് 26 പ്രവര്‍ത്തനങ്ങള്‍ ഇതിനോടകംതന്നെ ആരംഭിച്ചുകഴിഞ്ഞു. ഉജ്വല വിജയം സമ്മാനിച്ച വോട്ടര്‍മാരോട് നന്ദിയുണ്ട്. ശബരിമല കേസില്‍ സിപിഎമ്മിന്റെ ഉന്നതര്‍ പിടിയിലാകാനുണ്ട്. സഹകരണ ബാങ്കുകളില്‍നിന്ന് 10,000 കോടി കടമെടുക്കാനാണു സര്‍ക്കാരിന്റെ നീക്കം. ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ക്കുന്ന നീക്കമാണിതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പ്രതിപക്ഷനേതാവിനു പുറമെ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, നേതാക്കളായ രമേശ് ചെന്നിത്തല, കെ. സുധാകരന് എംപി, കെ. മുരളീധരന്, ബെന്നി ബെഹനാന് എംപി, എം.എം. ഹസന്, പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുള്‍ വഹാബ്, പി.എം.എ. സലാം, പി.സി. തോമസ്, തോമസ് ഉണ്ണിയാടന്, സ്കറിയ തോമസ്, എന്‍.കെ. പ്രേമചന്ദ്രന് എംപി, ഷിബു ബേബി ജോണ്‍, സി.പി. ജോണ്‍, അഡ്വ. രാജന് ജോസഫ്, മാണി സി. കാപ്പന്, അഡ്വ. അനൂപ് ജേക്കബ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സ്ഥാനാര്‍ഥിനിര്‍ണയം അടുത്ത മാസം പകുതിയോടെ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് യുഡിഎഫ് യോഗത്തിനുശേഷം പ്രതിപക്ഷനേതാവ് പറഞ്ഞു. സ്ഥാനാര്‍ഥിനിര്‍ണയം ഇത്തവണ ജനുവരി പകുതിയോടെ പൂര്‍ത്തീകരിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
സംസ്ഥാന ജാഥ ഫെബ്രുവരിയിൽ
ഫെബ്രുവരി ആദ്യവാരം കാസര്‍ഗോഡുനിന്ന് തിരുവനന്തപുരം വരെ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് ജാഥ സംഘടിപ്പിക്കും. സംസ്ഥാനത്തിന്റെ സമഗ്രമായ മാറ്റം ലക്ഷ്യമിടുന്ന മാനിഫെസ്റ്റോ പുറത്തിറക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചു.