തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലേറെ സീറ്റ് നേടി അധികാരത്തിൽ തിരിച്ചെത്തുമെന്നും മലപ്പുറത്തെയും എറണാകുളത്തെയും മുഴുവൻ സീറ്റും വിജയിക്കുമെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രവചനം യാഥാർഥ്യമായി. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ദീപികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ ജയത്തെക്കുറിച്ച് വി.ഡി. സതീശൻ വിസ്മയ പ്രവചനം നടത്തിയത്.
വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും യുഡിഎഫ് തൂത്തുവാരുമെന്നായിരുന്നു അന്ന് പ്രധാനമായി പറഞ്ഞത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകൾ തൂത്തുവരുമെന്നായിരുന്നു സതീശന്റെ പ്രവചനം. തിരുവനന്തപുരത്തും കൊല്ലത്തും അത്ഭുതകരമായ മാറ്റമുണ്ടാകും. തൃശൂരിൽ പഴയ പ്രതാപത്തിലേക്കു മടങ്ങുമെന്നും അന്നത്തെ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ദീപിക അഭിമുഖത്തിലും പേരെടുത്തു പറഞ്ഞു നാലു കോർപറേഷനുകളിലെ വിജയവും ഭൂരിഭാഗം പഞ്ചായത്തുകളിലെ വിജയവും യാഥാർഥ്യമായിരുന്നു. ഇതു പൊതുസമൂഹത്തിൽ ഏറെ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.
അഞ്ചു വർഷം മുൻപു നടന്ന തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അധികാരത്തിൽ മടക്കിക്കൊണ്ടുവരികയെന്ന ദൗത്യമാണ് പറവൂരിൽനിന്നുള്ള എംഎൽഎയായ വി.ഡി. സതീശനെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഏൽപിച്ചത്. ഇതിന്റെ ഭാഗമായി ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ- തദ്ദേശ തെരഞ്ഞടുപ്പിലും വലിയ വിജയത്തിലെത്തിക്കാൻ വി.ഡി. സതീശനായി.
സ്ഥാനാർഥി നിർണയം മുതൽ തെരഞ്ഞെടുപ്പ് അജൻഡ നിശ്ചയിക്കുന്നതു വരെ ഒട്ടേറെ യാഥാർഥ്യങ്ങൾ വിസ്മയകരമായി നടപ്പാക്കിയാണ് അദ്ദേഹം പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകിയ പ്രവചനം നടപ്പാക്കുന്നത്. ഇതാണ് ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കാൻ സഹായിക്കുന്നതെന്നാണ് സതീശന്റെ പക്ഷം.
യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നും വർഗീയ വിരുദ്ധ നിലപാടും അടക്കമുള്ള കടുത്ത നിലപാടുകൾ സ്വീകരിച്ചും സതീശൻ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന നേതാവായി ഉയരുകയായിരുന്നു.
Tags : V.D. Satheesan amazing prediction Deepika true again Kerala Assembly election