നിലന്പൂർ: മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് സ്ഥാനാർഥിയാകും. തിരുവന്പാടി, തവനൂർ മണ്ഡലങ്ങളിൽ ഒന്നിലാകും മത്സരിക്കുക. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സമർപ്പിച്ച സ്ഥാനാർഥി പട്ടികയിൽ വി.എസ്.
ജോയിയുടെ പേരും ഇടം നേടിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ തിരുവന്പാടിയിലും മലപ്പുറം ജില്ലയിലെ തവനൂരിലുമാണു ജോയിയുടെ പേര് പട്ടികയിലുള്ളത്. എന്തായാലും വി.എസ്. ജോയ് ഇക്കുറി സ്ഥാനാർഥിയാകുമെന്ന കാര്യത്തിൽ ഏകദേശ തീരുമാനമായിട്ടുണ്ട്. നിലവിൽ തിരുവന്പാടിയിൽ സിപിഎം അംഗം ലിന്റോ ജോസഫ് ആണ് എംഎൽഎ. ഇക്കുറിയും ലിന്റോതന്നെയാകും എൽഡിഎഫ് സ്ഥാനാർഥി.
മലപ്പുറം ജില്ലയിലെ തവനൂർ മണ്ഡലം രൂപം കൊണ്ടതു മുതൽ കെ.ടി. ജലീലാണ് എംഎൽഎ. ഇത്തവണയും കെ.ടി. ജലീൽ എൽഡിഎഫ് സ്ഥാനാർഥിയായേക്കും. കരുത്തനായ സ്ഥാനാർഥി എന്ന നിലയിൽ വി.എസ്. ജോയ് മത്സരിക്കുന്നതിനോട് മുസ്ലിം ലീഗിന് ഉൾപ്പടെ വലിയ താത്പര്യമുണ്ട്.
വി.എസ്. ജോയ് ഡിസിസി പ്രസിഡന്റായ ശേഷം കോണ്‍ഗ്രസിന് മലപ്പുറം ജില്ലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജോയ് നിലന്പൂരിൽ മത്സരിക്കണമെന്ന താത്പര്യം നിലന്പൂരിൽ വലിയൊരു വിഭാഗം കോണ്‍ഗ്രസുകാർക്കുമുണ്ട്. അതേസമയം, ആര്യാടൻ ഷൗക്കത്തിന്റെ പേരു മാത്രമാണ് കോണ്‍ഗ്രസ് പട്ടികയിലുള്ളത്.
Tags : Thiruvambady Tavanur V.S. Joy candidate