തിരുവനന്തപുരം: ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് കോൺഗ്രസ് നേതാവ് വി.എസ്. ശിവകുമാർ. തിരുവനന്തപുരം സെൻട്രൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് ബിജെപി ശിവകുമാറിനെ സമീപിച്ചു എന്ന് തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു.
"വർഗീയതയ്ക്കെതിരെ മതേതരത്വത്തിന്റെ ത്രിവർണ്ണപതാകയും ഉയർത്തിപ്പിടിച്ച് ഞാനിവിടെത്തന്നെ കാണും, ഒരു ചെളികുണ്ടിലും വീഴാതെ", എന്ന് ശിവകുമാർ ഫേയ്സ്ബുക്കിൽ കുറിച്ചു.
"എന്റെ രാഷ്ട്രീയഗുരുവായ, എന്നെ ഞാനാക്കിയ, ബഹുമാന്യനായ ലീഡർ കെ. കരുണാകരൻ കോൺഗ്രസ് വിട്ടു പോയപ്പോൾ പോലും ഞാൻ കോൺഗ്രസിനൊപ്പം അടിയുറച്ചു നിന്ന ആളാണ്. സമീപകാലത്ത് തന്നെ 30 കൊല്ലമായി കോൺഗ്രസിൽ നിന്നും അകന്നു നിൽക്കുന്ന കൊല്ലം കോർപ്പറേഷനിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സംഘടന ശക്തമാക്കി കോർപ്പറേഷൻ നേടിയെടുത്തത് എൻ്റെ നേതൃത്വത്തിലാണ്. ആ ഞാനാണ് കോൺഗ്രസ് വിട്ടുപോകുമെന്ന് പറയുന്നത്!", വി.എസ്. ശിവകുമാർ കുറിപ്പിൽ വ്യക്തമാക്കി.
തിരുവനന്തപുരം സെൻട്രൽ സീറ്റ് സിഎംപിക്ക് നൽകാൻ തീരുമാനിച്ചതിന് പിന്നാലെ എതിർപ്പുമായി പ്രാദേശിക കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. തുടർന്ന് വി.എസ്. ശിവകുമാർ ബിജെപി നേതാക്കളുമായി ചർച്ച നടത്തി എന്ന തരത്തിൽ വാർത്ത പ്രചരിക്കുകയായിരുന്നു.
Tags : assembly election kerala vs sivakumar denies approached bjp leaders