ചെങ്കോട്ടകൾ നിർമിച്ച് അതിനു ഭദ്രമായി കാവൽ നിന്ന കമ്യൂണിസ്റ്റ് പാർട്ടികളുടെ നാട്ടിൽ കാറ്റിന്റെ ഗതിവേഗം മാറുമോ അല്ലെങ്കിൽ തിരിഞ്ഞു വീശുമോ എന്നാണ് അറിയാനുള്ളത്. പതിനൊന്നു മണ്ഡലങ്ങളിൽ പതിനൊന്നും കൈയാളി ഇടതുപക്ഷ ജനാധിപത്യമുന്നണിക്കു കുത്തകയുണ്ടായിരുന്ന ജില്ലയിൽനിന്നും രണ്ടെണ്ണം അടർത്തിയെടുക്കാൻ വലതുപക്ഷ മുന്നണിക്ക് സാധിച്ചതു ചരിത്രം.
ഇത്തവണ പതിനൊന്നിൽ പതിനൊന്നും കിട്ടുമെന്ന് ഇടതുമുന്നണി പോലും വാശി പിടിക്കുന്നില്ലെന്നതാണ് പ്രത്യേകത. കഴിഞ്ഞ പ്രാവശ്യം രണ്ടാണ് കിട്ടിയതെങ്കിൽ അതിനൊടൊപ്പം ഭൂരിപക്ഷം മണ്ഡലങ്ങളും പിടിച്ചെടുക്കുമെന്ന വാശിയിലാണ് യുഡിഎഫ് മത്സരത്തെ നേരിടുന്നത്. എന്നാൽ പതിനൊന്നിൽ ഒരു സീറ്റിൽ മാത്രം കഴിഞ്ഞ പ്രാവശ്യം രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന എൻഡിഎ മുന്നണി ഒരു സീറ്റ് ഉറപ്പായി കിട്ടുമെന്നും വിശ്വസിക്കുന്നു.
ശബരിമലയും വികസനവും സർക്കാർവിരുദ്ധ വികാരവും ഒരുപോലെ ജില്ലയിൽ അലയടിക്കുന്പോൾ കൊല്ലത്തിന്റെ മനസ് കാണാൻ ആർക്കും കഴിയുന്നില്ല. ഈ വിഷയങ്ങൾതന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചപ്പോൾ യുഡിഎഫിന് മേൽക്കോയ്മ ലഭിച്ചുവെന്നു മാത്രമല്ല, 25 വർഷം കോർപറേഷൻ ഭരണം കൈയാളിയിരുന്ന എൽഡിഎഫിൽനിന്നും യുഡിഎഫ് ഭരണം പിടിച്ചെടുത്തതും ചരിത്രം. പാർലമെന്റ് തെരഞ്ഞടുപ്പിലെ വിജയവും തദ്ദേശ തെരഞ്ഞെടുപ്പ് ജയവും നേട്ടമാക്കിയാൽ യുഡിഎഫിന് അപ്രതീക്ഷത വിജയം നേടാൻ കഴിയും. എന്നാൽ, കേഡർ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന എൽഡിഎഫിന്റെ വോട്ടുകൾ ചോരില്ലെന്നു വിശ്വസിക്കാനാണ് മുന്നണിക്കിഷ്ടം.
കഴിഞ്ഞ തവണ ആകെയുള്ള 11 നിയമസഭാ മണ്ഡലങ്ങളിൽ ഒൻപതും എൽഡിഎഫിനായിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫ് മേൽകൈ നേടിയതിന്റെ പിൻബലത്തിലും പാർലമെന്റ് തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം വിലയിരുത്തിയും മുന്നണി ആത്മവിശ്വാസത്തിലാണ്.
കൊല്ലം
വാശിയേറിയ പോരാട്ടമാണ് കൊല്ലം മണ്ഡലത്തിൽ നടക്കുന്നത്. പാർട്ടി ജില്ലാസെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എസ്. ജയമോഹനാണ് ഇടത് സ്ഥാനാർഥി. യുഡിഎഫ് കഴിഞ്ഞ തവണ മുകേഷിനെതിരേ മത്സരിച്ച ബിന്ദു കൃഷ്ണയെ വീണ്ടും സ്ഥാനാർഥിയാക്കി. കഴിഞ്ഞ തവണ മുകേഷിനോട് നേരിയ ഭൂരിപക്ഷത്തിന് തോറ്റ ബിന്ദുകൃഷ്ണ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ്. ബിജെപിയുടെ സ്ഥാനാർഥി ആന്ജിയോപ്ലാസ്റ്റി വിദഗ്ധൻ ഡോ.എൻ. പ്രതാപ്കുമാറാണ്. മെഡിട്രീന ഹോസ്പിറ്റൽ എംഡികൂടിയാണ് അദ്ദേഹം.
കൊട്ടാരക്കര
മന്ത്രി കെ.എൻ. ബാലഗോപാലിന് കൊട്ടാരക്കരയിലെ എതിരാളി മുൻ സിപിഎം എംഎൽഎയായ അയിഷ പോറ്റിയാണ്. ആർ. ബലകൃഷ്ണപിള്ളയെന്ന അതികായനെ അട്ടിമറിച്ച അയിഷാ മറ്റൊരു അട്ടിമറി നടത്തുമോ എന്നത് കണ്ടറിയണം. എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന ആർ. രശ്മി കഴിഞ്ഞപ്രാവശ്യം യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. അയിഷ പോറ്റി കോൺഗ്രസിലേക്ക് എത്തിയതോടെ രശ്മി ബിജെപിയിൽ ചേർന്നു സീറ്റ് തരപ്പെടുത്തുകയായിരുന്നു.
ചവറ
ചവറയിലെ കഴിഞ്ഞ തവണത്തെ സ്ഥാനാർഥികൾ തന്നെയാണ് ഇരുമുന്നണികൾക്കുമായി മത്സരരംഗത്ത്. ആർഎസ്പിയുടെ ഷിബു ബേബി ജോൺ, സിറ്റിംഗ് എംഎൽഎ സിപിഎം സ്വതന്ത്രൻ ഡോ. സുജിത് വിജയൻ പിള്ളയെയാണ് നേരിടുക. കെ.ആർ. രാജേഷാണ് ബിജെപിക്കായി അണിനിരക്കുന്നത്.
ചടയമംഗലം
മന്ത്രി ചിഞ്ചുറാണി ചടയമംഗലത്ത് വീണ്ടും ജനവിധി തേടുമ്പോൾ എതിരാളി കഴിഞ്ഞ തവണ മത്സരിച്ച കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീറാണ്. ആര്.എസ്. അനുരാജാണ് എൻഡിഎ സ്ഥാനാർഥി.
പത്തനാപുരം
മന്ത്രി കെ.ബി. ഗണേഷ് കുമാറിന് പത്തനാപുരത്തെ എതിരാളി കഴിഞ്ഞ തവണ തോറ്റിട്ടും മണ്ഡലത്തിൽ അഞ്ചുകൊല്ലം ചെലവഴിച്ച ജ്യോതികുമാർ ചാമക്കാലയാണ്. ട്വന്റി 20യുടെ എസ്. അനിൽ കുമാറാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. പ്രാദേശിക എൻഎസ്എസ് പിന്തുണയില്ലാത്തതും വിവാദങ്ങളും ഗണേഷ്കുമാറിനു തിരിച്ചടിയാകുമോ അതോ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം എതിരാളികളുടെമേൽ വിജയം നേടുമോ എന്നാണ് അറിയേണ്ടത്. ജ്യോതികുമാർ ചാമക്കാലയ്ക്കും ഗണേഷ്കുമാറിനും അപരന്മാർ ഉണ്ടെന്നതും തെരഞ്ഞെടുപ്പ് കൗതുകമാണ്.
ഇരവിപുരം
രണ്ട് ടേം നിബന്ധനയിൽ ഇളവ് നേടി ഇരവിപുരത്ത് എം. നൗഷാദ് ഇടതിനായി വീണ്ടും ജനവിധി തേടുമ്പോൾ എതിരായി നിൽക്കുന്നത് ആർഎസ്പിയുടെ യുവനേതാവ് അഡ്വ. വിഷ്ണുമോഹനാണ്. ആർഎസ്പി വിട്ട സജി ഡി. ആനന്ദ് ആണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. ആർഎസ്പിയിലെ സീറ്റ് തർക്കവും വിവാദങ്ങളും ജനം മറന്നുകഴിഞ്ഞു. ഡീൽ വിവാദം ഇപ്പോഴും നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും അതൊന്നും മണ്ഡലം അത്ര മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണ് മുന്നണികൾ വിലയിരുത്തുന്നത്.
ചാത്തന്നൂരിൽ
ചാത്തന്നൂരിൽ സിപിഐ പുതുമുഖത്തെയാണ് അവതരിപ്പിക്കുന്നത്, അവരുടെ ആർ. രാജേന്ദ്രന് എതിരാളി കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവിയാണ്. കഴിഞ്ഞ രണ്ടു തവണയും ബിജെപിയെ ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിച്ച ബി.ബി. ഗോപകുമാറാണ് ഇക്കുറിയും മത്സരരിക്കുന്നത്. യുഡിഎഫ് ഇവിടെ ഫോർവേഡ് ബ്ലോക്കിന്റെ ദേവരാജിന് നൽകിയ സീറ്റ് അദ്ദേഹം കോൺഗ്രസിന് തന്നെ തിരിച്ചു നൽകുകയായിരുന്നു. ചാത്തന്നൂരിലെ മത്സരത്തെ കുറച്ചുകാണാൻ ആർക്കും കഴിയില്ല. ത്രികോണമത്സരം ഇത്രയേറെ പ്രവചനാതീതമായ മണ്ഡലം കാണില്ല. ആരും ജയിക്കാമെന്ന സ്ഥിതിയാണ്; തോല് ക്കാമെന്നും. ശബരിമല വിഷയം മാത്രമല്ല, ശക്തമായ രാഷ്ട്രീയ ചിന്തകളും വോട്ടായി മാറുന്ന നാടാണ് ചാത്തന്നൂർ.
പുനലൂർ
പുനലൂരിൽ സിപിഐ സിറ്റിംഗ് എംഎൽഎ പി.എസ്. സുപാലിനെ മാറ്റി സി.അജയപ്രസാദിനെയാണ് മത്സരിപ്പിക്കുന്നത്. മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി കഴിഞ്ഞ തവണ മത്സരിച്ച ഈ സീറ്റിൽ ഇക്കുറി ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസാണ് ഭാഗ്യം പരീക്ഷിക്കുന്നത്. ബിജെപി സഹയാത്രികനായ അഡ്വ. രഘുനാഥ് കമുകുംചേരിയാണ് ഇവിടെ ട്വന്റി 20 സ്ഥാനാർഥി. പുനലൂർ സീറ്റിനുവേണ്ടി കോൺഗ്രസ് നേതാക്കൾ ഉയർത്തിയ വിമത നീക്കമെല്ലാം കെ.സി. വേണുഗോപാലിന്റെ ചടുലനീക്കത്തിൽ ആവിയായി കഴിഞ്ഞു. ഇപ്പോൾ നിലവിൽ യുഡിഎഫ് ഒറ്റക്കെട്ടായി മത്സരത്തെ കാണുന്നു.
കുണ്ടറ
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കുണ്ടറയിൽ പി.സി. വിഷ്ണുനാഥ് തന്നെയാണ് സ്ഥാനാർഥി. സിപിഎം പുതുമുഖം എസ്.എൽ. സജികുമാറിനെയാണ് മത്സരിപ്പിക്കുന്നത്. ബിജെപി മുഖ്യമന്ത്രിസ്ഥാനം തന്നാൽ അതുപോലും സ്വീകരിക്കാൻ തയാറാണന്ന് പറഞ്ഞ ബിഗ്ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. കുണ്ടറയിലും ഡീൽ വിവാദം ഉയരുന്നുണ്ട്. പക്ഷേ, വിഷ്ണുനാഥിന്റെ വ്യക്തിപ്രഭാവത്തോടൊപ്പം സജികുമാറിന്റെ പ്രാദേശികാടിസ്ഥാനത്തിലുള്ള ബന്ധവും രാഷ്ട്രീയബന്ധവുമാണ് ഏറ്റുമുട്ടത്.
കരുനാഗപ്പള്ളി
കരുനാഗപ്പള്ളിയിൽ സിറ്റിംഗ് എംഎൽഎ സി.ആർ.മ ഹേഷ് വീണ്ടും ജനവിധി തേടുമ്പോൾ സിപിഐക്കായി വനിത നേതാവ് എം.എസ്. താരയാണ് മത്സരിക്കുന്നത്. ഭൂരിപക്ഷം കൂട്ടുക എന്ന ഒറ്റ ലക്ഷ്യവുമായിട്ടാണ് യുഡിഎഫ് കളത്തിലിറങ്ങിയിരിക്കുന്നത്. മഹേഷിന്റെ പ്രവർത്തനശൈലി തന്നെയാണ് മികച്ചുനിൽക്കുന്നതെങ്കിലും താരയുടെ രാഷ്ട്രീയ പാരന്പര്യത്തെ തള്ളിക്കളയാൻ സാധിക്കില്ല.
കുന്നത്തൂർ
കുന്നത്തൂരിൽ സിറ്റിംഗ് എംഎൽഎ കോവൂർ കുഞ്ഞുമോൻ ആറാം തവണയും ഇടതിനായി ജനവിധി തേടുമ്പോൾ മുൻ എതിരാളി ഉല്ലാസ് കോവൂരിനെ തന്നെ യുഡിഎഫ് രംഗത്തിറക്കി. ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി എന്ന നിലയിൽ കോവൂർ കുഞ്ഞുമോൻ ശക്തനാണ്. പക്ഷേ, ജനങ്ങൾക്കിടയിൽനിന്നും ഒരിക്കലും മാറാതെ മണ്ഡലത്തിൽ സ്ഥിരസാന്നിധ്യമായ ഉല്ലാസിനും ജനങ്ങൾക്കിടയിൽ സ്വീകാര്യതയുണ്ട്.
Tags : Kerala Assembly Election Niyama Sabha Election Kollam UDF LDF NDA