അന്ന മാണി
ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ ജനിച്ച്, അന്തരീക്ഷത്തെ അളക്കാനും കാലാവസ്ഥാ വ്യതിയാനങ്ങൾ മുൻകൂട്ടി കാണാനും ജീവിതം മാറ്റിവച്ച പ്രശസ്തയായ ഭൗതികശാസ്ത്രജ്ഞയും കാലാവസ്ഥാ നിരീക്ഷകയുമാണ് അന്ന മാണി. ഇന്ത്യൻ കാലാവസ്ഥാ പഠനമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന അവർ, ആധുനിക അന്തരീക്ഷ ശാസ്ത്രത്തിന് ഇന്ത്യ നൽകിയ ഏറ്റവും വിലപ്പെട്ട സംഭാവനകളിലൊരാളാണ്.
ചെറുപ്പം മുതലേ വായനയോടും പ്രകൃതിയോടും വലിയ താത്പര്യം പുലർത്തിയിരുന്ന അന്ന മാണി, ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടയായി ജീവിതത്തിലുടനീളം ഖദർ വസ്ത്രങ്ങൾ മാത്രമാണ് ധരിച്ചിരുന്നത്. മദ്രാസ് പ്രസിഡൻസി കോളജിൽനിന്ന് ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും ബിരുദം നേടിയ ശേഷം, പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ സി.വി. രാമന്റെ കീഴിൽ ഗവേഷണം നടത്തി.
ഗവേഷണത്തിന്റെ മൗലികത കണക്കിലെടുത്ത് അന്നയുടെ പ്രബന്ധം ഇന്നും ബംഗളൂരുവിലെ രാമൻ ആർക്കൈവ്സിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിലും ഓണേഴ്സ് ഡിഗ്രി പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിഗ്രിയായി കണക്കാക്കാൻ കഴിയില്ലെന്ന കാരണത്താൽ മദ്രാസ് സർവകലാശാല അവർക്ക് ഡോക്ടറേറ്റ് നിഷേധിക്കുകയാണുണ്ടായത്.
ലണ്ടനിലെ ഇമ്പീരിയൽ കോളജിൽ ഉപരിപഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ അവർ ഇന്ത്യൻ മെറ്റീരിയറോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ (ഐഎംഡി) ചേരുകയും 1976ൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിക്കുകയും ചെയ്തു.
അക്കാലത്ത് ഇന്ത്യയിൽ അന്തരീക്ഷ പഠനത്തിനുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാൽ അന്ന മാണിയുടെ നേതൃത്വത്തിൽ അന്തരീക്ഷ പഠന ഉപകരണങ്ങൾ ഇന്ത്യയിൽതന്നെ നിർമിക്കാനും മാനകീകരിക്കാനും (Standardisation) ആരംഭിച്ചു. ഇതുവഴി അന്തരീക്ഷ പഠനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ അവർക്ക് സാധിച്ചു. തുമ്പയിൽ ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടന്ന വേളയിൽ വിക്രം സാരാഭായിയുടെ ക്ഷണപ്രകാരം കേരളത്തിലെത്തിയ അന്ന മാണിയും സഹപ്രവർത്തകരുമാണ് വിക്ഷേപണത്തിനാവശ്യമായ അന്തരീക്ഷപഠന സംവിധാനങ്ങൾ ഒരുക്കിയത്.
അന്തരീക്ഷ ഘടനയിൽ ഓസോണിനുള്ള പ്രാധാന്യത്തെക്കുറിച്ചുള്ള അന്ന മാണിയുടെ നിരീക്ഷണങ്ങൾ ശാസ്ത്രലോകം രണ്ടു പതിറ്റാണ്ടുകൾക്കു ശേഷമാണ് തിരിച്ചറിഞ്ഞത്. ഇതിന്റെ അംഗീകാരമായി അന്താരാഷ്ട്ര ഓസോൺ കമ്മീഷനിൽ അവർക്ക് അംഗത്വം ലഭിച്ചു. സൗരോർജത്തെയും പവനോർജത്തെയും കുറിച്ച് അവർ രചിച്ച ഗ്രന്ഥങ്ങൾ ഇന്നും ഈ മേഖലയിലെ മികച്ച ആധികാരിക രേഖകളാണ്. ഇന്ത്യയിലുടനീളം എഴുനൂറോളം പവനോർജ സാധ്യതാകേന്ദ്രങ്ങൾ അവർ അടയാളപ്പെടുത്തി. വിരമിക്കലിനുശേഷം ബംഗളൂരുവിൽ സൗരോർജ-പവനോർജ അളവ് ഉപകരണങ്ങൾ നിർമിക്കുന്ന ഫാക്ടറിയും അവർ സ്ഥാപിച്ചു.
ഇന്റർനാഷണൽ റേഡിയേഷൻ കമ്മീഷൻ, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ അംഗമായിരുന്ന അവർ അഞ്ചു വർഷത്തോളം കറന്റ് സയൻസ് അക്കാദമിയുടെ പ്രസിഡന്റായും പ്രവർത്തിച്ചു.
ഒരുകാലത്ത് അന്ന മാണിയുടെ സഹപ്രവർത്തകനായിരുന്ന സി. രാധാകൃഷ്ണൻ 1984ൽ എഴുതിയ ‘പുള്ളിപ്പുലിയും വെള്ളി നക്ഷത്രങ്ങളും’എന്ന ശാസ്ത്ര മലയാള നോവൽ, ശാസ്ത്രജ്ഞ എന്ന നിലയിലുള്ള അന്നയുടെ പ്രത്യേകതകൾ മനോഹരമായി വിവരിക്കുന്നുണ്ട്. നോവലിലെ നായക കഥാപാത്രമായ അപ്പു പറയുന്നതിങ്ങനെയാണ്:
“ആ സ്ഥാപനത്തിന്റെ (ഐഎംഡി) ഡയറക്ടര് ഒരു പെണ്കടുവയാണെന്ന് കേട്ടിട്ടുണ്ട്. സ്വന്തം വിരല്ത്തുമ്പിലെ അനിഷേധ്യമായ ആജ്ഞാശക്തിയാൽ ഏതു പുരുഷ കേസരിയെയും അനായാസം നിയന്ത്രിക്കാൻ അവർക്ക് കഴിയുമത്രേ.”
ശാസ്ത്രത്തെ ജീവിതവ്രതമായി കണ്ട പ്രശസ്ത മലയാളി ശാസ്ത്രജ്ഞ ഇ.കെ. ജാനകിയമ്മാളിനെപോലെ അവിവാഹിതയായി ജീവിച്ച ഈ അതുല്യ പ്രതിഭ, 2001 ഓഗസ്റ്റ് 16ന് തിരുവനന്തപുരത്ത് അന്തരിച്ചു.
പ്രകൃതിയോടും ശാസ്ത്രത്തോടുമുള്ള അന്ന മാണിയുടെ ആത്മാർഥതയും കൃത്യതയും എക്കാലവും ഓർമിക്കപ്പെടും.
Tags : AnnaMani WomanofIndia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash