അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ ഇറാന്റെ പ്രത്യാക്രമണം പശ്ചിമേഷ്യയെ മുഴുവനായി യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കാം. മേഖലയിലെ അമേരിക്കൻ സൈനികസാന്നിധ്യമാണ് ഇതിനു കാരണം. ഇരുപതോളം സൈനിക താവളങ്ങളുടെ ഒരു വലിയ ശൃംഖലയാണ് അമേരിക്കയ്ക്ക് പശ്ചിമേഷ്യയിലുള്ളത്. ഇതിൽ പലതിനും നേർക്ക് ഇറാൻ മിസൈലുകൾ തൊടുത്തുകഴിഞ്ഞു.
പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക സാന്നിധ്യം രണ്ടാം ലോകമഹായുദ്ധകാലത്ത് ആരംഭിച്ചതാണ്. സൗദിയിലും ബഹ്റിനിലുമായിരുന്നു ആദ്യ താവളങ്ങൾ. ഗൾഫ് യുദ്ധങ്ങൾക്കും ഭീകരവിരുദ്ധ പോരാട്ടങ്ങൾക്കും പുറമേ ലോകത്തിലേക്കുള്ള എണ്ണയുടെ അഞ്ചിലൊന്നും ഉത്പാദിപ്പിക്കുന്ന മേഖലയുടെ സുരക്ഷയും നിയന്ത്രണവും ഉറപ്പാക്കാൻകൂടി ലക്ഷ്യമിട്ടാണ് ഇത്ര വിപുലമായ സൈനികസാന്നിധ്യം അമേരിക്ക നിലനിർത്തുന്നത്.
ഇറാനെ ആക്രമിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി അടുത്തകാലത്ത് സൈനികരുടെയും യുദ്ധോപകരണങ്ങളുടെയും എണ്ണത്തിൽ വർധനയുണ്ടായി. 45,000ത്തിനും 55,000ത്തിനും ഇടയിൽ യുഎസ് സൈനികർ ഇപ്പോൾ പശ്ചിമേഷ്യയിലുണ്ടെന്നാണ് അനുമാനം.
പ്രധാന താളങ്ങൾ ചുവടെ:
ബഹറിൻ
അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം. ഗൾഫ്, ചെങ്കടൽ, അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നീ മേഖലകളുടെ ചുമതലയാണ് ഈ കപ്പൽപ്പടയ്ക്കുള്ളത്.
ഖത്തർ
ദോഹ നഗരത്തിനു പുറത്ത് മരുഭൂമിയിൽ സ്ഥി ചെയ്യുന്ന അൽ ഉദെയ്ദ് വ്യോമതാളം അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ആസ്ഥാനമാണ്. പശ്ചിമേഷ്യയിലെ വലിയ യുഎസ് സൈനിക താവളമാണിത്. 10,000 യുഎസ് സൈനികർ ഇവിടെയുണ്ട്. പടിഞ്ഞാറ് ഈജിപ്ത് മുതൽ കിഴക്ക് കസാക്കിസ്ഥാൻ വരെ താവളത്തിന്റെ കീഴിൽ.
കുവൈറ്റ്
യുഎസ് ആർമിയുടെ ഫോർവേഡ് ബേസ് ആയ ക്യാന്പ്അരിഫ്ജാൻ അടക്കം ഒട്ടേറെ സൈനിക താവളങ്ങൾ. 2003ലെ ഇറാക്ക് യുദ്ധകാലത്തു സ്ഥാപിച്ച താവളങ്ങളും ഉൾപ്പെടുന്നു. ഇറാക്കിലും സിറിയയിലും യുഎസ് സൈന്യത്തെ വിന്യസിക്കുന്നതിൽ ഈ താവളങ്ങൾക്കു വലിയ പ്രാധാന്യമുണ്ടായിരുന്നു.
യുഎഇ
അബുദാബിയിലെ അൽ ദഫ്ര വ്യോമതാവളം യുഎഇ സേനയ്ക്കൊപ്പം അമേരിക്കയും ഉപയോഗിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിൽ ഈ താവളം പ്രധാന പങ്കുവഹിച്ചിരുന്നു.
ദുബായിലെ ജബൽ അലി ഒരു സൈനിക തുറമുഖം അല്ലെങ്കിലും യുഎസ് സേന ഉപയോഗിക്കുന്നുണ്ട്. യുഎസ് വിമാനവാഹിനികൾ ഇടയ്ക്കിടെ തുറമുഖത്ത് എത്താറുണ്ട്.
ഇറാക്ക്
പടിഞ്ഞാറൻ ഇറാക്കിലെ അൻബാർ പ്രവിശ്യയിലുള്ള ഐൻ അൽ അസാദ് വ്യോമതാവളം, വടക്കൻ ഇറാക്കിലെ കുർദിസ്ഥാൻ മേഖലയിലുള്ള എർബിൽ വ്യോമതാവളം എന്നിവ അമേരിക്കൻ സേന ഉപയോഗിക്കുന്നു. 2020ൽ ജനറൽ ഖ്വാസം സുലൈമാനിയുടെ വധത്തിനു പ്രതികാരമായി ഐഎൻ അൽ എയർബേസിനു നേർക്ക് ഇറാൻ മിസൈലുകൾ തൊടുത്തിരുന്നു.
സൗദി
രണ്ടായിരത്തിനു മുകളിൽ യുഎസ് സൈനികർ സൗദിയിലുണ്ട്. സൗദി സേനയുമായി സഹകരിച്ചാണ് പ്രവർത്തനം. റിയാദിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിലാണ് കുറച്ചു സൈനികരെ വിന്യസിച്ചിരിക്കുന്നത്.
ജോർദാൻ
അമ്മാനിൽനിന്ന് നൂറു കിലോമീറ്റർ അകലെ അസ്റാഖിൽ പ്രവർത്തിക്കുന്ന മുവാഫഖ് സൽതി വ്യോമതാവളം അമേരിക്കൻ വ്യോസേനയുടെ ആസ്ഥാനങ്ങളിലൊന്നാണ്.
പശ്ചിമേഷ്യയിലെ യുഎസ് സൈനികർ
45,000-55,000
യുദ്ധവിമാനങ്ങൾ
250നു മുകളിൽ (എഫ്-35, എഫ്-16 അടക്കം)
ഏബ്രഹാം ലിങ്കൺ, ജെറാൾഡ് ഫോർഡ് വിമാനവാഹിനി കളിൽ മാത്രം 160 യുദ്ധവിമാനങ്ങൾ: രണ്ട് വിമാനവാഹിനികൾ അടക്കം 17, രണ്ട് അന്തർവാഹിനികളും മേഖലയിൽ ഉണ്ടെന്നാണ് സൂചന.
Tags : US bases West Asia conflict spreads Iran US Isreal