കിച്ച സുദീപ്, മോഹൻലാൽ, വിജയ് സേതുപതി, നാഗാർജുന.
ബിഗ് ബോസ് ആരാധകർക്കായി ഒരുങ്ങിയിരിക്കുന്ന അപൂർവ സംഗമത്തിന്റെ വിശേഷങ്ങളുമായി മാസ് ക്രോസ്ഓവർ പ്രൊമോ പുറത്തിറങ്ങി. നാലു ഭാഷകളിലെ ബിഗ് ബോസ് സീസണുകളും ഒരേ ദിവസം ആരംഭിക്കുന്നതിന്റെ ഭാഗമായി തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സീസണുകളുടെ അവതാരകരായ സൂപ്പർ താരങ്ങൾ ഒന്നിച്ചെത്തുന്ന പ്രൊമോ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്.
മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ, തെലുങ്കിൽനിന്ന് അക്കിനേനി നാഗാർജുന, തമിഴിൽനിന്ന് വിജയ് സേതുപതി, കന്നഡയിൽനിന്ന് കിച്ച സുദീപ് എന്നിവരാണ് ഒരൊറ്റ ഫ്രെയിമിൽ ഒന്നിക്കുന്നത്. ദക്ഷിണേന്ത്യയിലെ സൂപ്പർതാരങ്ങൾ ആദ്യമായാണ് ബിഗ് ബോസിനുവേണ്ടി ഒന്നിച്ചൊരു സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് എന്നത് ആരാധകരിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
ഒരു മിനിറ്റും 33 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ ഓരോ സംസ്ഥാനത്തിന്റെയും തനത് സംസ്കാരവും ഭക്ഷണരീതികളും തമാശരൂപേണ അവതരിപ്പിക്കുന്നു. നാല് അവതാരകരും തമ്മിൽ ഭക്ഷണത്തെച്ചൊല്ലി ഉണ്ടാകുന്ന രസകരമായ ആശയക്കുഴപ്പങ്ങളും സംഭാഷണങ്ങളുമാണ് പ്രൊമോയുടെ പ്രധാന ആകർഷണം. ഓരോ താരത്തിന്റെയും വ്യക്തിത്വത്തിനും മാസ് ഇമേജിനുമൊപ്പം അതത് ഭാഷാ സംസ്കാരത്തിന്റെ പ്രത്യേകതകളും വീഡിയോയിൽ എടുത്തുകാണിക്കുന്നുണ്ട്.
ദക്ഷിണേന്ത്യൻ ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് എല്ലാ പ്രാദേശിക പതിപ്പുകളും ഒരേ ദിവസം സംപ്രേഷണം ആരംഭിക്കുന്നത്. സെപ്റ്റംബർ ആറു മുതൽ ബിഗ് ബോസ് മലയാളം സീസൺ 8, ബിഗ് ബോസ് തമിഴ് സീസൺ 10, ബിഗ് ബോസ് തെലുങ്ക് സീസൺ 10, ബിഗ് ബോസ് കന്നഡ സീസൺ 13 എന്നിവ സംപ്രേഷണം തുടങ്ങും. ടെലിവിഷൻ ചാനലുകൾക്ക് പുറമെ ജിയോ ഹോട്ട്സ്റ്റാറിലൂടെയും പ്രേക്ഷകർക്ക് ഇവ തത്സമയം കാണാം.
Tags : BiggBoss OTT Entertainment NagarjunaAkkineni Mohanlal VijaySethupathi Kichcha Sudeepa