വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കും വിവാഹമംഗള ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചടങ്ങിലേയ്ക്ക് ക്ഷണിച്ചതിന് നന്ദിയുണ്ടെന്ന് പറഞ്ഞാണ് ആശംസ തുടങ്ങുന്നത്.
വിജയ്യുടെ മാതാപിതാക്കളായ മാധവിയേയും ഗോവർധൻ റാവു ദേവരകൊണ്ടയേയും അഭിസംബോധനചെയ്തുകൊണ്ടുള്ള കത്ത് സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
'വ്യാഴാഴ്ച നടക്കുന്ന വിജയ്- രശ്മിക വിവാഹത്തിലേക്ക് ക്ഷണിച്ചതിൽ സന്തോഷമുണ്ട്. സന്തോഷകരവും മംഗളകരവുമായ അവസരത്തിൽ ദേവരകൊണ്ട- മന്ദാന കുടുംബത്തിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും.
വിജയ്യുടേയും രശ്മികയുടേയും ജീവിതത്തിലെ മനോഹരമായ പുതിയ അധ്യായത്തിന്റെ തുടക്കമാണിത്. ഏഴ് ചുവടുകൾ ഒന്നിച്ചുവെക്കുമ്പോൾ ജീവിതകാലം മുഴുവൻ സുഹൃത്തുക്കളായി തീരുന്നുവെന്ന ഉദാത്തചിന്ത ഉൾക്കൊണ്ടുകൊണ്ട് ദമ്പതികൾ ജീവിതം തുടങ്ങട്ടെ.
സ്നേഹവും അടുപ്പവുംകൊണ്ട് ദൈവികമായി എഴുതപ്പെട്ട ജീവിതത്തിന്റെ അധ്യായം വെള്ളിത്തരയിൽ അവർ സൃഷ്ടിച്ച മാന്ത്രികതയെ മറികടക്കുമെന്നതിൽ സംശയമില്ല.
വരും ദിവസങ്ങളും മാസങ്ങളും വർഷങ്ങളും അവരുടെ സ്വപ്നങ്ങളാലും അവയുടെ സഫലീകരണത്താലും നിറയട്ടെ. പരസ്പരം തിരിച്ചറിഞ്ഞ് സ്നേഹത്തോടെ ഉത്തരവാദിത്തങ്ങൾ പങ്കുവെക്കാനും, പോരായ്മകളെ സ്വീകരിക്കാനും, ശക്തികളിൽനിന്ന് പഠിക്കാനും, യഥാർഥ പങ്കാളികളായി ജീവിതത്തിലുടനീളം യാത്ര ചെയ്യാനും അവർക്ക് കഴിയട്ടെ. ഈ സുപ്രധാന അവസരത്തിൽ ദമ്പതിമാർക്കും കുടുംബങ്ങൾക്കും എന്റെ അനുഗ്രഹങ്ങളും ആശംസകളും. മോദിയുടെ കുറിപ്പ് ഇങ്ങനെ.
രാജസ്ഥാനിലെ ഉദയ്പൂരിനടുത്തുള്ള പ്രശസ്തമായ ഐടിസി മെമന്റോസ് എമ്മ ആഡംബര റിസോർട്ടാണ് ഈ താരവിവാഹത്തിന് വേദിയാകുന്നത്.
ആയിരക്കണക്കിന് അതിഥികളെ പങ്കെടുപ്പിച്ചുള്ള ആഘോഷങ്ങൾക്ക് പകരം, അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന തികച്ചും സ്വകാര്യമായ ചടങ്ങാണ് ഇരുവരും ആസൂത്രണം ചെയ്തിരിക്കുന്നത്.
നൂറോളം അതിഥികൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുക. ഉദയ്പൂർ നഗരത്തിൽ നിന്നും 30 കിലോമീറ്റർ മാറി ആരവല്ലി കുന്നുകൾക്ക് മുകളിലാണ് ഈ ആഡംബര റിസോർട്ട് സ്ഥിതി ചെയ്യുന്നത്.
Tags : Rashmika Vijay Prime Minister