ആവേശം സിനിമയിലെ വേഷം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടനും സോഷ്യൽ മീഡിയാ താരവുമായ അഖിൽ എൻആർഡി.
തന്റെ അറിവില്ലായ്മ കൊണ്ടാണ് അത്രയും വലിയൊരു സിനിമ കൈയിൽ നിന്ന് പോയതെന്നും പിന്നീട് ചിത്രം തിയറ്ററിൽ കണ്ടപ്പോൾ വലിയ സങ്കടം തോന്നിയെന്നും അഖിൽ തുറന്നു പറഞ്ഞു.
ഫഹദ് അവതരിപ്പിച്ച രംഗ എന്ന കഥാപാത്രത്തിനൊപ്പം നിൽക്കുന്ന പ്രധാന വേഷങ്ങളിലേക്ക് പുതുമുഖങ്ങളെ തേടിയ സമയത്താണ് അഖിലിനും ക്ഷണം ലഭിച്ചത്. എന്നാൽ ആ അവസരം വേണ്ടവിധം ഉപയോഗിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് താരം വെളിപ്പെടുത്തി.
‘‘ജീവിതത്തിൽ ചിലപ്പോഴൊക്കെ വലിയ ഭാഗ്യങ്ങൾ നമ്മളെ തേടി വരും, പക്ഷേ പലപ്പോഴും അത് തിരിച്ചറിയാനുള്ള പക്വത നമുക്കുണ്ടാകില്ല. ആവേശം എന്ന സിനിമയുടെ കാര്യത്തിൽ എനിക്കുണ്ടായതും അതുതന്നെയാണ്.
എന്റെ അറിവില്ലായ്മ കൊണ്ട് മാത്രമാണ് അത്രയും വലിയൊരു സിനിമ എ്റ കൈയിൽ നിന്നും നഷ്ടമായത്. പിന്നീട് സിനിമ തിയേറ്ററിൽ റിലീസ് ചെയ്തപ്പോൾ, ആ ആവേശം നേരിൽ കണ്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടം തോന്നി. ഇത്രയും വലിയൊരു ചാൻസ് ആയിരുന്നല്ലോ ഞാൻ വേണ്ടെന്ന് വെച്ചത് എന്നോർത്ത് മനസ് വിങ്ങി.
എന്നാൽ ആ തിരിച്ചറിവ് എന്നെ തളർത്തിയില്ല. സിനിമയോടുള്ള മോഹം കൊണ്ട് പിന്നീട് ഞാൻ നിരവധി സംവിധായകർക്ക് മെസേജുകൾ അയച്ചു. ആ ശ്രമങ്ങൾക്കൊടുവിലാണ് ജൂഡ് ഏട്ടൻ (ജൂഡ് ആന്തണി ജോസഫ്) എന്നെ വിളിക്കുന്നത്.
അങ്ങനെയാണ് 'ആശകൾ ആയിരം' എന്ന സിനിമയിലേക്ക് എനിക്ക് അവസരം ലഭിക്കുന്നത്. ഒരു വലിയ നഷ്ടത്തിൽ നിന്നും പുതിയൊരു തുടക്കത്തിലേക്കുള്ള വഴി എനിക്ക് തുറന്നു കിട്ടിയത് അവിടെ നിന്നാണ്.’’ അഖിൽ പറയുന്നു.
Tags : akhil nrd aavesham movie character