അവന്തിക മോഹൻ
ആരാധകനിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവച്ച് നടി അവന്തിക മോഹൻ. മാസ്ക് ധരിച്ചു നിന്ന തന്നെ തിരിച്ചറിഞ്ഞ ആരാധകന് ആവശ്യം തന്റെ ഫോൺ നമ്പർ ആയിരുന്നുവെന്നും നൽകില്ലെന്നു പറഞ്ഞിട്ടും അയാൾ കാറിൽ വന്ന് പിന്തുടർന്നെന്നും അവന്തിക പറയുന്നു.
‘‘ഇന്നലെ എനിക്ക് ഇതുവരെ ഉണ്ടായതിൽവെച്ച് ഏറ്റവും വിചിത്രമായ ഒരനുഭവമുണ്ടായി. മാസ്ക് ധരിച്ച് പുറത്തുനിൽക്കുന്ന സമയത്ത് ഒരു മനുഷ്യൻ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു. ഞാൻ അവന്തികയാണോ എന്ന് ചോദിച്ചു. ഞാൻ വ്യക്തമായി വേണ്ടെന്ന് പറഞ്ഞിട്ടും ‘പ്രോജക്റ്റുകൾക്ക്’ വേണ്ടി എന്റെ നമ്പർ വേണമെന്ന് അയാൾ നിർബന്ധിച്ചു.
ഞാൻ മര്യാദയോടെ നിരാകരിച്ചെങ്കിലും അയാൾ പിന്മാറിയില്ല. എന്റെ കൂട്ടുകാരി ഞങ്ങളെ വെറുതെ വിടാൻ ആവശ്യപ്പെട്ടു, ഉടൻ തന്നെ അവിടെ നിന്ന് നടന്നുപോയി. കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അയാളുടെ കാർ ഞങ്ങളെ പിന്തുടരുകയാണെന്ന് ഞാൻ മനസിലാക്കി.
പെട്ടന്ന് കുറച്ച് ആളുകളുള്ള ഒരിടത്ത് നിന്നു അയാളെ നേരിട്ടു. ഈ സ്വഭാവം തുടരുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അയാളോട് പറഞ്ഞു. ഉടനെ അയാൾ കരയാൻ തുടങ്ങി, ‘എനിക്ക് നിങ്ങളെ ഇഷ്ടമാണ്, മാഡം’ എന്ന് പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ എപ്പോഴെങ്കിലും മറുപടി കൊടുക്കുമോ എന്നും അയാൾ ചോദിച്ചു. ആ നിമിഷത്തെ എന്റെ സുരക്ഷയെക്കരുതി ഞാൻ സമ്മതിച്ചു, ഭാഗ്യത്തിന് അയാൾ അവിടെ നിന്ന് പോയി.
ജീവിതത്തിൽ അസ്വാഭാവിക സ്വഭാവമുള്ള പല സൈക്കോകളെയും കണ്ടിട്ടുണ്ട്, പക്ഷേ ഇത് സത്യസന്ധമായി പറഞ്ഞാൽ മറ്റൊരു തലത്തിലുള്ള അസ്വസ്ഥതയായിരുന്നു. ദയവായി ഒരാൾ വേണ്ടെന്ന് പറഞ്ഞാൽ അത് മാനിക്കുക, അതിരുകൾ കടക്കരുത്.’’അവന്തികയുടെ വാക്കുകൾ.
മലയാള സിനിമാ സീരിയൽ രംഗത്ത് സജീവമായ താരമാണ് അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്സ്, നീലാകാശം പച്ച കടൽ ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങളിൽ അവന്തിക അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് നായകനായ ധീരം സിനിമയിലും അവന്തിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Tags : Avantika experience psychos movie news