ലോക സിനിമയിൽ അഭിനയിച്ചതിന് ശേഷം സിനിമ മതിയാക്കിയാലോ എന്നു താൻ ആലോച്ചിരുന്നുവെന്ന് വെളിപ്പെടുത്തി നടി കല്യാണി പ്രിയദർശൻ. അച്ഛൻ പ്രിയദർശൻ നൽകിയ ഉപദേശമാണ് പിന്നീട് തനിക്ക് പ്രചോദനമായതെന്നും കല്യാണി പറഞ്ഞു. ലോകയുടെ യുകെ സക്സസ് ഇവന്റിൽ സംസാരിക്കവെയായിരുന്നു കല്യാണിയുടെ വെളിപ്പെടുത്തൽ.
‘‘ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ഞാൻ ആലോചിച്ചു. ഇനിയെന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അപ്പോൾ അച്ഛൻ എനിക്കൊരു ഉപദേശം തന്നു.
"ചിത്രം' സിനിമ 365 ദിവസം തിയറ്ററിൽ പ്രദർശനം തുടർന്നപ്പോൾ ഞാൻ വിചാരിച്ചു എല്ലാം നേടിയെന്ന്. അതിന് ശേഷമാണ് കിലുക്കം റിലീസ് ചെയ്തത്. ഇതാണ് ഏറ്റവും വലിയ വിജയം എന്ന് കരുതരുത്. പരിശ്രമിച്ച് മുന്നേറികൊണ്ടിരിക്കണം എന്നാണ് അച്ഛൻ പറഞ്ഞത്.’’ അച്ഛന്റെ ആ വാക്കുകൾ വലിയ പ്രചോദനമായെന്ന് കല്യാണി പ്രിയദർശൻ പറഞ്ഞു.
മലയാളത്തിലെ സകലമാന റിക്കാർഡുകളും തകർത്തുകൊണ്ടാണ് ലോകയുടെ മുന്നേറ്റം. ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന മലയാള സിനിമയായും ലോക മാറി. രണ്ട് ലക്ഷത്തിലേറെ വോട്ടുകളാണ് സിനിമ നേടിയത്. ആഗോള തലത്തിൽ മുന്നൂറ് കോടി കലക്ഷനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ചിത്രം.
Tags : Kalyani Priyadarshan Priyadarshan