സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹരമിരിക്കുന്ന സനൽകുമാർ, മഞ്ജുവും മധുവും
നടി മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ തടവിലാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ നടത്തുന്ന നിരാഹാര സമരത്തെ പരിഹസിച്ച് മഞ്ജുവിന്റെ സഹോദരനും നടനും സംവിധായകനുമായ മധു വാര്യർ.
സനൽകുമാറിന്റെ ആരോപണങ്ങളെ തികച്ചും നർമത്തിൽ ചാലിച്ച് ട്രോളുന്ന രീതിയിലാണ് മധുവിന്റെ പ്രതികരണം. ഭാര്യയും മകളും അമ്മയുമൊത്ത് കുടുംബസമേതം മഞ്ജുവിനൊപ്പം നിൽക്കുന്നൊരു ചിത്രവും കുറിപ്പിനൊപ്പം മധു പങ്കുവച്ചു.
‘‘അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു. മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി.
അവിടെ ചെന്നപ്പോൾ തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, അനു ഞെട്ടി, ആവണി ഞെട്ടി, ഞാൻ ഞെട്ടി, ബാൽക്കണിയിൽ ഇരിക്കുന്ന പ്രാവിലേക്ക് ശ്രദ്ധ പോയത് കൊണ്ട് ഒരു പത്ത് സെക്കൻഡ് കഴിഞ്ഞ് കൊക്കോയും ഞെട്ടൽ രേഖപ്പെടുത്തി.
അങ്ങനെ ഞെട്ടൽ മഹാമഹം കഴിഞ്ഞു എന്നുറപ്പ് വരുത്തിയതിന് ശേഷം ഞങ്ങൾ ബാക്കി കാര്യപരിപാടിയിലേക്ക് കടന്നു.
മഞ്ജു പുതിയതായി വാങ്ങിയ ഡ്രസുകൾ എടുത്ത് കൊണ്ട് വന്ന് നിരത്തി അതിന്റെ ഡിസ്കഷൻസിലേക്ക് കടന്നു. തടവിൽ ഇരിക്കുമ്പോഴെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും അത് തെറ്റാണെന്ന് പെട്ടെന്ന് തന്നെ മനസിലായി.
അത് കഴിഞ്ഞ് ഗൺപോയിന്റിലുള്ള മഞ്ജു എല്ലാവർക്കും ബേൺഡ് ഗാർലിക് ഫ്രൈഡ് റൈസും, നൂഡിൽസും, ഹണി ഗ്ലേസ്ഡ് ചിക്കനും, സാൾട്ട് പെപ്പർ കോട്ടേജ് ചീസും ഓർഡർ ചെയ്തു.
ഭക്ഷണശേഷം ഇറങ്ങാൻ നേരം രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് അമ്മ പറഞ്ഞു. കഥകളി ക്ലാസിന്റെയും യോഗാ ക്ലാസിന്റെയും ബോറടി മാറ്റാൻ രണ്ട് ദിവസം മഞ്ജുവിന്റെ കൂടെ തടവിൽ കഴിയാൻ പോകുകയാണ് പോലും. അപ്പൊ ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും.’’–മധു വാര്യരുടെ വാക്കുകൾ.
താൻ ഉന്നയിക്കുന്ന വിഷയങ്ങളിൽ സർക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തര ഇടപെടൽ നടത്താത്തിനെ തുടർന്നാണ് സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സത്യാഗ്രഹം തുടങ്ങാൻ തീരുമാനിച്ചതെന്നാണ് സനൽകുമാർ പറയുന്നത്.
തന്റഎ ആവശ്യങ്ങൾ കേവലം വ്യക്തിപരമല്ലെന്നും അത്യന്തം ഗൗരവമുള്ള സാമൂഹിക പ്രശ്നങ്ങളെ സംബന്ധിക്കുന്നതുമാണെന്നും സനൽ പറയുന്നു. അതേസമയം സനലിന്റെ സമരം ഇന്ന് മൂന്നാം ദിവസം പിന്നിടുകയാണ്.
Tags : Madhu Warrier Sanal Kumar Sasidharan protest troll manju warrier