പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് നടൻ മമ്മൂട്ടിയും കുടുംബവും. പദ്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് മമ്മൂട്ടി കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തിയത്.

മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, മകൾ സുറുമി, ദുൽഖറിന്റെ ഭാര്യ അമാൽ സൂഫിയ എന്നിവരും പ്രധാനമന്ത്രിയെ കാണാൻ ഒപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രിയും മമ്മൂട്ടിയും ഫേസ്ബുക്കിൽ പങ്കുവച്ചു.

അതേസമയം, ബഹുമതിക്ക് തന്നെ തിരഞ്ഞെടുത്ത സർക്കാരിന് മമ്മൂട്ടി നന്ദി അറിയിച്ചു. "അഭിമാനകരമായ അംഗീകാരത്തിന് ഇന്ത്യൻ സർക്കാരിനോട് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. അഞ്ച് പതിറ്റാണ്ടത്തെ എന്റെ യാത്രയുടെ പ്രതിഫലനമാണ് ഈ ബഹുമതി.

നിങ്ങളുണ്ടായിരുന്നില്ലെങ്കിൽ ഈ യാത്ര സാധ്യമാകുമായിരുന്നില്ല. ഓരോ ദിവസവും എന്നെ മുന്നോട്ട് നയിക്കുന്ന നിങ്ങളുടെ അളവറ്റ സ്നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി. ഈ പുരസ്കാരം സിനിമയുടെ മനോഹരമായ ലോകത്തിനും നിങ്ങൾക്കേവർക്കും ഞാൻ സമർപ്പിക്കുന്നു', അദ്ദേഹം കുറിച്ചു.