നടൻ അക്ഷയ് കുമാറിന്റെ 13 വയസുള്ള മകൾക്ക് ഓൺലൈൻ ഗെയിമിംഗിനിടെ മോശമായ സന്ദേശങ്ങൾ അയയ്ക്കുകയും നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്ത വ്യക്തിയെ മഹാരാഷ്ട്ര സൈബർ പോലീസ് അറസ്റ്റ് ചെയ്തു.
2026 ഏപ്രിൽ 24-ന് മുംബൈയിലെ ആർഡി. നാഷ്നൽ കോളജിൽ നടന്ന സൈബർ ബോധവൽക്കരണ പരിപാടിയിൽ വെച്ച് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് യശസ്വി യാദവാണ് അറസ്റ്റ് വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഓൺലൈൻ വിഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് അപരിചിതനായ പ്രതി പെൺകുട്ടിയെ ബന്ധപ്പെട്ടത്. തുടക്കത്തിൽ ഗെയിമിനെക്കുറിച്ച് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്ത പ്രതി, പിന്നീട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു. പെൺകുട്ടി മുംബൈ സ്വദേശിയാണെന്ന് മനസിലാക്കിയ ഇയാൾ, അവൾ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് ചോദിച്ചറിഞ്ഞു. താൻ പെൺകുട്ടിയാണെന്ന് വ്യക്തമാക്കിയതോടെ പ്രതി കൂടുതൽ അനുചിതമായ സന്ദേശങ്ങൾ അയയ്ക്കാനും പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടാനും തുടങ്ങി.
ഈ സാഹചര്യത്തിൽ പരിഭ്രാന്തയാകാതെ പെൺകുട്ടി ഉടൻ തന്നെ ഗെയിം ഓഫ് ചെയ്യുകയും മാതാവ് ട്വിങ്കിൾ ഖന്നയെ വിവരം അറിയിക്കുകയും ചെയ്തു. മകളുടെ ഈ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും അക്ഷയ് കുമാർ പ്രശംസിച്ചു.
മാസങ്ങൾക്ക് മുൻപായിരുന്നു ഈ സംഭവം നടന്നത്. അക്ഷയ് കുമാറിന്റെയും മകളുടെയും കൃത്യമായ ഇടപെടലാണ് പ്രതിയെ നിയമത്തിന് മുന്നിലെത്തിക്കാൻ സഹായിച്ചത്.
2025 ഒക്ടോബറിൽ മുംബൈയിൽ നടന്ന ഒരു സൈബർ ബോധവൽക്കരണ പരിപാടിയിൽ താരം ഈ അനുഭവം പങ്കുവെച്ചിരുന്നു. പല ഓൺലൈൻ കുറ്റകൃത്യങ്ങളും ഇത്തരത്തിൽ ലളിതമായ സംഭാഷണങ്ങളിലൂടെയാണ് ആരംഭിക്കുന്നതെന്നും, ഇന്റർനെറ്റ് സുരക്ഷയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ സ്കൂളുകൾ മുൻകൈ എടുക്കണമെന്നും അദ്ദേഹം അന്ന് ആവശ്യപ്പെട്ടു.
സംഭവം നടന്ന ഉടൻ തന്നെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചതെന്ന് യശസ്വി യാദവ് പറഞ്ഞു. അപരിചിതർ ഓൺലൈനിൽ എത്ര വേഗത്തിൽ അപകടകാരികളാകുമെന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാതാപിതാക്കൾ കുട്ടികളുടെ ഓൺലൈൻ ഇടപഴകലുകൾ നിരീക്ഷിക്കണമെന്നും, അസ്വാഭാവികമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന പോലീസ് ഹെൽപ്പ് ലൈനിൽ റിപ്പോർട്ട് ചെയ്യണമെന്നും സൈബർ വിദഗ്ധർ നിർദ്ദേശിക്കുന്നു.
അക്ഷയ് കുമാറിന്റെ കുടുംബം കാണിച്ച ജാഗ്രത സമാനമായ സാഹചര്യങ്ങൾ നേരിടുന്ന മറ്റുള്ളവർക്ക് ഒരു മാതൃകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
Tags : Akshay Kumar arrest Police