സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്. ഉച്ചകഴിഞ്ഞ് 3.30ന് തൃശൂരിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാകും പ്രഖ്യാപനം നടത്തുക.
ജനപ്രീതിയും കലാമൂല്യവും ഒത്തു ചേർന്ന ഒരുപിടി സിനിമകൾ ഇക്കുറി മത്സരത്തിൽ ഇടം നേടിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ്, ഫെമിനിച്ചി ഫാത്തിമ, കിഷ്കിന്ധാകാണ്ഡം തുടങ്ങിയ ചിത്രങ്ങൾ സജീവ പരിഗണനയിൽ വന്നെന്നാണ് വിവരം.
മമ്മൂട്ടി, ടോവിനോ തോമസ്, ആസിഫ് അലി, സൗബിൻ ഷാഹിർ എന്നിവർ നടന്മാരുടെ വിഭാഗത്തിലും അനശ്വര രാജൻ, ദർശന രാജേന്ദ്രൻ, ജ്യോതിർമയി, ഷംല ഹംസ തുടങ്ങിയവർ നടിമാരുടെ വിഭാഗത്തിലും മുൻ നിരയിലുണ്ട്.
പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് നടന് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിലുള്ളത്.
പ്രാഥമിക ജൂറി രണ്ടുസമിതികളായി തിരിഞ്ഞാണ് ചിത്രങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പ് നടത്തുക. ആദ്യമായി ഒരു ട്രാന്സ്പേഴ്സണ് ഇതിലുണ്ട്, ഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക. സംവിധായകരായ രഞ്ജന്പ്രമോദ്, ജിബുജേക്കബ് എന്നിവര്‍ പ്രാഥമിക ജൂറിയിലെ രണ്ട് സബ് കമ്മിറ്റികളിലും ചെയര്പേഴ്സണ്മാര് ആയിരിക്കും. അന്തിമ വിധിനിര്‍ണയസമിതിയിലും ഇവര്‍ അംഗങ്ങളാണ്.
പ്രകാശ് രാജ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പിന്നണി ഗായിക ഗായത്രി അശോകന്, സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് അംഗങ്ങള്‍.
നവാഗത സംവിധായകനായി മത്സരിക്കുന്നവരുടെ കൂടെ മോഹന്‍ലാലും ജോജുവും ഉണ്ട് എന്നതും പ്രത്യേകതയാണ്. ബറോസാണ് മോഹൻലാൽ സംവിധാനം ചെയ്ത ചിത്രം. ജോജു ജോർജിന്റെ ചിത്രം പണി.
Tags : State Film Awards Movie News Malayalm Cinema