മമ്മൂട്ടിയും ജോർജും
മമ്മൂട്ടിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്ന് സന്തതസഹചാരി ജോർജ് പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. 35 വർഷങ്ങൾ, ഹൃദയത്തിൽ പതിഞ്ഞ ഒരു യാത്ര എന്ന് കുറിച്ചുകൊണ്ടാണ് ജോർജിന്റെ പിറന്നാൾ സന്ദേശം തുടങ്ങുന്നത്.
"മുപ്പത്തിയഞ്ചു വർഷങ്ങൾ, ഹൃദയത്തിൽ പതിഞ്ഞ ഒരു യാത്ര. എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ. 35 വർഷം മുമ്പ് ഒരു ജോലിയിലൂടെ തുടങ്ങിയ യാത്ര ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നായി മാറിയിരിക്കുന്നു.
മമ്മൂക്കാ, ഈ വർഷങ്ങൾക്കിടയിൽ നിങ്ങൾ എനിക്ക് ഒരു സഹപ്രവർത്തകനോ സുഹൃത്തോ മാത്രമായിരുന്നില്ല. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന, സ്വന്തം സഹോദരനെപ്പോലെ ഹൃദയത്തോട് ചേർത്തുവച്ച ഒരാളാണ്.
ഒരുമിച്ച് ചിരിച്ച നിമിഷങ്ങളും, പങ്കുവച്ച സന്തോഷങ്ങളും, ജീവിതത്തിലെ പല ഉയർച്ചകളും താഴ്ചകളും… 35 വർഷങ്ങൾക്കിടയിൽ ഒരുപാട് ഓർമ്മകൾ, അതിൽ പലതും വാക്കുകളിലൂടെ പറയാൻ കഴിയാത്തത്ര വിലപ്പെട്ടതാണ്.
എന്റെ ജീവിതത്തിലേക്ക് നിങ്ങളെ കൊണ്ടുവന്ന ആ ബന്ധത്തിന് ഇന്നും ഒരുപാട് നന്ദിയുണ്ട്. നിങ്ങളെ പോലൊരു മനുഷ്യനെ ജീവിതത്തിൽ ലഭിച്ചത് തന്നെ ഒരു അനുഗ്രഹമായി ഞാൻ കാണുന്നു.
ഇനിയും ഒരുപാട് വർഷങ്ങൾ നമ്മൾ ഒരുമിച്ച്, ഒരുപാട് ഓർമകൾ കൂടി ഉണ്ടാക്കണം…ഈ സ്നേഹവും ബന്ധവും.’’ജോർജ് കുറിച്ചു.
1991-ൽ ഐ.വി. ശശി സംവിധാനം ചെയ്ത നീലഗിരി എന്ന ചിത്രത്തിലൂടെയാണ് ജോർജ് മമ്മൂട്ടിയുടെ ഒപ്പം യാത്ര ആരംഭിക്കുന്നത്. തുടർന്ന് ജോഷിയുടെ കൗരവർ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി മാറിയ അദ്ദേഹം പിന്നീട് താരത്തിന്റെ പേഴ്സണൽ മേക്കപ്പ് മാനും നിഴൽപോലെ കൂടെയുള്ള വ്യക്തിയുമായി മാറി.
പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.
മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിലുപരി ലാൽ ജോസ് ചിത്രമായ ഇമ്മാനുവൽ, അച്ചാ ദിൻ, പുഴു എന്നീ ചിത്രങ്ങളുടെ നിർമാതാവ് കൂടിയാണ് ജോർജ്.
Tags : George Mammootty Birthday Wishes Birthday Malayalam cinema Mollywood films Kerala box office Malayalam actors and directors South Indian movie industry New wave Malayalam movies Malayalam film industry news