ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് കൊള്ള ആരോപണത്തിൽ പരാമര്ശിച്ച ബ്രസീലിയൻ മോഡൽ പ്രതികരണവുമായി രംഗത്ത്. ബ്രസീലിയൻ മോഡൽ ലാരിസയാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
തന്റെ പഴയ ചിത്രം തട്ടിപ്പിന് ഉപയോഗിച്ചെന്നായിരുന്നു വീഡിയോ സന്ദേശത്തിലൂടെ ലാരിസ പ്രതികരിച്ചത്. കോണ്ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയൻ മോഡലിന്റെ പ്രതികരണമടങ്ങിയ വീഡിയോ സന്ദേശം എക്സിൽ പങ്കുവെച്ചത്.
ഹരിയാനയിൽ സ്വീറ്റിയെന്നടക്കമുള്ള പല പേരുകളിലായി പത്തു ബൂത്തുകളിലായി 22 വോട്ട് ചെയ്തതെന്ന ആരോപണമാണ് രാഹുൽ ഗാന്ധി ഉയര്ത്തിയിരുന്നത്. ഈ 22 പേരുടെയും പേരുകള്ക്കൊപ്പം വോട്ടര് പട്ടികയിൽ ബ്രസീലിയൻ മോഡലിന്റെ ചിത്രമാണുണ്ടായിരുന്നത്.
തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ലെന്നും എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണെന്നുമാണ് വീഡിയോയിൽ ലാരിസ്സ പറയുന്നത്. തന്റെ പഴയ ഫോട്ടോയാണതെന്നും തന്നെ തട്ടിപ്പിനായി ഉപയോഗിച്ചെന്നും ലാരിസ പറയുന്നു. ഇതെന്ത് ഭ്രാന്താണെന്നും ഏത് ലോകത്താണ് നമ്മള് ജീവിക്കുന്നതെന്നും വീഡിയോയിൽ ലാരിസ ചോദിക്കുന്നുണ്ട്.
ഏറെ പേർ തന്റെ അഭിമുഖത്തിനായി ഇന്ത്യയിൽ നിന്നും ബന്ധപ്പെടുന്നുണ്ടെന്നും ലാരിസ പ്രതികരിച്ചു. ഇന്സ്റ്റഗ്രാമിലടക്കം ലക്ഷകണക്കിനുപേര് ഫോളോവേഴ്സുള്ള ബ്രസിലീയൻ മോഡലാണ് ലാരിസ.
Tags : rahul gandhi sarkar chori larissa brazilian model haryana election congress