സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്നും
ദിസ്പൂർ: സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് സൈനിക വാഹനത്തിന്റെ ഡ്രൈവർക്ക് പിഴ ചുമത്തിയ ആസാം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ സമീം സുൽത്താനയെയാണ് രണ്ടുദിവസത്തേക്ക് ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തിയത്. ജോർഹാത് ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ധനഞ്ജോയ് സായ്കിയയാണ് ഇക്കാര്യം അറിയിച്ചത്. പിഴ ചുമത്തിയതിനല്ല മറിച്ച് പരിശോധനയ്ക്കിടെ സൈനിക ഉദ്യോഗസ്ഥനോട് പരുഷമായും സഭ്യതയില്ലാതെയും സംസാരിച്ചതിനാണ് നടപടിയെന്ന് ഡിടിഒ വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച ജോർഹാത് ടൗണിലെ ഇന്റർസ്റ്റേറ്റ് ബസ് ടെർമിനലിന് മുന്നിലായിരുന്നു സംഭവം. ജോർഹാത് സൈനിക താവളത്തിലെ ഡ്രൈവർ മറ്റൊരു സൈനികനൊപ്പം ഔദ്യോഗിക ആവശ്യത്തിനായി സൈന്യത്തിന്റെ ജിപ്സിയിൽ പോകുന്നതിനിടെയാണ് എംവിഐ വാഹനം തടഞ്ഞുനിർത്തി ചലാൻ നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ വിഷയം ദേശീയതലത്തിൽ വലിയ ചർച്ചയായി.
ആർമി ഡ്രൈവിംഗ് ലൈസൻസിന്റെ പേരിലാണ് പിഴ ഈടാക്കിയതെന്ന രീതിയിൽ പ്രചാരണങ്ങളുണ്ടായെങ്കിലും ഡിടിഒ ഇത് തള്ളി. പ്രതിരോധ മന്ത്രാലയം നൽകുന്ന ലൈസൻസ് ഉപയോഗിച്ച് സൈനിക താവളങ്ങൾക്ക് പുറത്തും സൈനിക വാഹനങ്ങൾ ഓടിക്കാൻ നിയമപരമായി അനുമതിയുണ്ടെന്നും എന്നാൽ സ്വകാര്യ വാഹനങ്ങൾ ഓടിക്കാൻ ഈ ലൈസൻസ് ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് ചലാൻ നൽകിയത്. പ്രത്യേക സാഹചര്യങ്ങളിലൊഴികെ സൈനിക വാഹനങ്ങളും ഗതാഗത നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. എങ്കിലും ഉദ്യോഗസ്ഥ സൈനികരോട് ഇടപെട്ട രീതിയും ലൈസൻസിനെച്ചൊല്ലിയുണ്ടായ ആശയക്കുഴപ്പവുമാണ് തർക്കത്തിലേക്ക് നയിച്ചതെന്നും ഡിടിഒ കൂട്ടിച്ചേർത്തു.
വാഹന പരിശോധനയ്ക്കിടെ സൈനിക ഉദ്യോഗസ്ഥർക്കുണ്ടായ അസൗകര്യത്തിൽ ജോർഹാത് ജില്ലാ ഭരണകൂടം ഖേദം പ്രകടിപ്പിച്ചു. സൈന്യത്തോട് അനാദരവ് കാണിക്കാനോ വികാരങ്ങളെ വ്രണപ്പെടുത്താനോ ഉദേശിച്ചിരുന്നില്ലെന്ന് ഭരണകൂടം വ്യക്തമാക്കി. ഡിടിഒ നൽകിയ റിപ്പോർട്ട് പരിശോധിച്ചതായും സംയുക്ത യോഗത്തിൽ വിഷയം ചർച്ച ചെയ്തതായും മുതിർന്ന സൈനിക ഉദ്യോഗസ്ഥനും പ്രതികരിച്ചു.
നവംബർ 13-ന് ആസാമിലെ ഗോലഘാട്ട് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 26 പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെ റോഡ് സുരക്ഷ കർശനമാക്കാൻ ജില്ലാ ഭരണകൂടം മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെയാണ് സൈനിക വാഹനവും തടഞ്ഞുനിർത്തി പിഴയിട്ടത്.
Tags : MotorVehicleInspector Duty Army Driver