ഭോപ്പാൽ: മധ്യപ്രദേശിൽ 10-ാംക്ലാസ് വിദ്യാർഥിയെ സഹപാഠികൾ കുത്തിക്കൊന്നു. ദാമോ നഗരത്തിലെ മലയ്യ മില്ലിന് സമീപമുള്ള ഓജസ്വിനി സ്കൂളിലാണ് സംഭവം.
ഋഷി അഹിർവാർ എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. പരീക്ഷയ്ക്ക് ശേഷം ഹാളിൽ നിന്നും പുറത്തിറങ്ങിയ ഋഷിയെ ഒരുസംഘം വിദ്യാർഥികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ഇതിനിടെ കത്തികൊണ്ടുള്ള കുത്തേറ്റാണ് ഋഷി കൊല്ലപ്പെട്ടത്. വിദ്യാർഥികൾക്കിടെയിൽ നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
നേരത്തെ, പരീക്ഷയിലെ ചോദ്യങ്ങളുടെ ഉത്തരം പറഞ്ഞുനൽകണമെന്ന് ചില വിദ്യാർഥികൾ ഋഷിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഋഷി ഇതിന് വിസമ്മതിച്ചതോടെ ഫെബ്രുവരി 27 നും മാർച്ച് രണ്ടിനും ഋഷിയും സഹപാഠികളും തമ്മിൽ ഇതേചൊല്ലി വഴക്കുണ്ടായി.
അവസാന പരീക്ഷയുടെ ദിവസം പ്രതികാരം ചെയ്യുമെന്ന് സഹപാഠികൾ ഋഷിയെ ഭീഷണിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്നും പുറത്തിങ്ങിയ ഋഷിയെ കാത്തിരുന്ന സഹപാഠികൾ വളഞ്ഞിട്ട് ആക്രമിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തു.
ഗുരുതരാവസ്ഥയിൽ ഋഷിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്തം നഷ്ടപ്പെട്ട് മരണം സംഭവിച്ചിരുന്നു. ഋഷിക്ക് വിളർച്ച ഉണ്ടായിരുന്നുവെന്നും ഡോക്ടർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി വിദ്യാർഥികളെ ചോദ്യം ചെയ്തുവെന്നും കൃത്യത്തിൽ ഉൾപ്പെട്ട എട്ട് വിദ്യാർഥികളെ തിരിച്ചറിഞ്ഞെന്നും പോലീസ് പറഞ്ഞു. ഇവർക്കെതിരെ കേസെടുത്തു.
Tags : Madhya Pradesh School Students Death Stabbed