ചെന്നൈ: പത്തു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തില്‍ പോലീസുകാർ ചിരിച്ചുകളിച്ചതിൽ വ്യാപക വിമർശനം. കോയമ്പത്തൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഉദ്യോഗസ്ഥരുടെ ലജ്ജാകരമായ പെരുമാറ്റം.
വെസ്റ്റ് സോൺ ഐജി ആർ.വി.രമ്യ ഭാരതി, കോയമ്പത്തൂർ റേഞ്ച് ഡിഐജി പി.സാമിനാഥൻ, കോയമ്പത്തൂർ എസ്പി അല്ലട്ടിപ്പള്ളി പവൻകുമാർ റെഡ്ഡി തുടങ്ങിയവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിനിടെയാണ് വിവാദ സംഭവമുണ്ടായത്. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷമായ വിമർശനമുയർന്നു.
തമിഴ്നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് പത്രസമ്മേളനം വിളിച്ചുചേർത്ത പോലീസ് ഉദ്യോഗസ്ഥർ ഇങ്ങനെ ചിരിച്ചുകളിച്ചിരിക്കുന്നതിനെയാണ് പലരും കുറ്റപ്പെടുത്തിയത്. സംഭവം വിവാദമായെങ്കിലും ഐജിയോ മറ്റു പോലീസ് ഉദ്യോഗസ്ഥരോ വിശദീകരണമൊന്നും നൽകിയിട്ടില്ല.
Tags : child rape murder coimbatore