ന്യൂഡൽഹി: പാർലമെന്‍റിൽ എഫ്‌സിആർഎ ഭേദഗതി ബിൽ ചർച്ച മാറ്റിവച്ച നടപടി സ്വാഗതാർഹമെന്ന് സിബിസിഐ. അതേസമയം, ബിൽ ഉയർത്തുന്ന ആശങ്ക ഇപ്പോഴും നിലനില്ക്കുന്നുണ്ടെന്നും സിബിസിഐ വക്താവ് ഫാ. ഡോ. റോബിൻസൺ റോഡ്രിഗസ് മാധ്യമങ്ങളോടു പ്രതികരിച്ചു.
ബിൽ ഭേദഗതി പുനഃപരിശോധനയ്ക്കു വിടണമെന്നാണ് ഇപ്പഴും ആവശ്യപ്പെടുന്നതെന്നും അതിനുള്ള നടപടി സർക്കാർ തലത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സിബിസിഐ ലീഗൽ സെൽ സെക്രട്ടറി അഡ്വ. സിസ്റ്റർ സായൂജ്യ സിഎംസി പ്രതികരിച്ചു.
ചൊവ്വാഴ്ച ബിൽ ലോക്സഭയിൽ അവതരിപ്പിക്കുമെന്ന് അറിവു ലഭിച്ചതിനെ തുടർന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എംപിമാർക്കും സിബിസിഐ ഇ-മെയിൽ അയയ്ക്കുകയും വ്യക്തിപരമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ ഫലമായാണ് ഇന്ന് ഇങ്ങനെയൊരു നടപടിയുണ്ടായതെന്ന് കരുതുന്നത്. എംപിമാരുടെ ശബ്ദത്തെ കേന്ദ്രം മാനിച്ചെന്നും സിസ്റ്റർ സായൂജ്യ പറഞ്ഞു.
Tags : FCRA Amendment Bill CBCI