ധർമേന്ദ്ര പ്രധാന്റെ രാജിവാർത്ത ആഘോഷിക്കുന്ന വിദ്യാർഥികൾ.
ഡൽഹി മുതൽ ധാക്കയും കാഠ്മണ്ഡുവും ബെൽഗ്രേഡും വരെ, നീതിയെക്കുറിച്ചാണ് ചോദ്യം; ഭാവിയാണ് സ്വപ്നം.ഒടുവിൽ ഭരണക്കഞ്ഞിയിൽ പാറ്റ വീണു. ബിജെപിയും മോദിയും ഭരണത്തിലിരുന്ന 12 വർഷക്കാലത്ത് സർക്കാരിനെ വിമർശിക്കുന്നത് അപകടകരമായിരുന്നു. സ്വന്തം റിസ്കിൽ മാത്രം ചെയ്യേണ്ട കാര്യം. വിയോജിപ്പുകളെല്ലാം വളരെ വേഗത്തിലും പതിവായും വിദഗ്ധമായും അടിച്ചമർത്തപ്പെട്ടിരുന്നു."പാറ്റകൾ’രംഗപ്രവേശം ചെയ്യുന്നതുവരെ കാര്യങ്ങൾ അങ്ങനെയായിരുന്നു.
വെറുമൊരു ഓൺലൈൻ മീം ആയി ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ രൂപപ്പെട്ട ഈ നീക്കം സമീപവർഷങ്ങളിൽ മോദിയുടെ രാഷ്ട്രീയാധികാരത്തിനുനേരേയുണ്ടായ ഏറ്റവും അപ്രതീക്ഷിതവും ശക്തവുമായ വെല്ലുവിളികളിലൊന്നായി മാറി. ഗവൺമെന്റിനെ മടുക്കുകയും എന്നാൽ, അതിനെ ഒട്ടുംതന്നെ ഭയപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു യുവതലമുറയായിരുന്നു പിന്നിൽ.
ഹാസ്യത്തെ തങ്ങളുടെ ഏറ്റവും വലിയ ആയുധമാക്കിയ ഈ ഇന്ത്യൻ ജെൻസികൾ മീമുകളിലൂടെയും ഇൻസ്റ്റഗ്രാം റീലുകളിലൂടെയും സർക്കാരിനെ രൂക്ഷമായി പരിഹസിക്കുകയും മോദിക്കെതിരേയുള്ള ആക്ഷേപങ്ങൾ ഓൺലൈനിൽ നിറയ്ക്കുകയും ചെയ്തു.വിഷയങ്ങൾ വ്യത്യസ്തമാണെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവിലിറങ്ങുന്നത് ഒരേ വിഭാഗമാണ്. വിദ്യാർഥികളും യുവാക്കളും. ഇവിടെയത് നീറ്റ്. മറ്റൊരിടത്ത് സർക്കാർ ജോലിയിലെ സംവരണം. വേറൊരിടത്ത് അഴിമതി. മറ്റെവിടെയോ യുദ്ധം, ജീവിതച്ചെലവ്, ജനാധിപത്യം, മനുഷ്യാവകാശം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡൽഹി, ധാക്ക, കാഠ്മണ്ഡു, ബെൽഗ്രേഡ്, ന്യൂയോർക്ക്, പാരീസ്, സാന്റിയാഗോ, കൊളംബോ എന്നിവിടങ്ങളിൽനിന്നുള്ള വാർത്തകൾ ഒരുമിച്ച് വായിച്ചാൽ വ്യക്തമായ ഒരു രാഷ്ട്രീയ യാഥാർഥ്യം കാണാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പുതിയ പ്രതിഷേധമുഖം യുവത്വമാണ്.
നീറ്റ്: പരീക്ഷയ്ക്കപ്പുറമുള്ള ചോദ്യം
ഡൽഹിയിലെ നീറ്റ് പ്രതിഷേധം ഒരു പരീക്ഷാ വിവാദമായി മാത്രമായിരുന്നില്ല. സ്വാഭാവിക പ്രതിഷേധത്തിനപ്പുറം പരീക്ഷാസമ്മർദം, തുടർച്ചയായ മത്സരത്തിന്റെ മാനസികഭാരം, വിജയത്തെ ജീവിതത്തിന്റെ ഏക മാനദണ്ഡമാക്കുന്ന സാമൂഹിക മനോഭാവം എന്നിവയും ചർച്ചയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷാസമ്മർദവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ ആത്മഹത്യകളുണ്ടായി.
അതിർത്തി കടക്കുന്ന യുവജന രാഷ്ട്രീയം
ഒറ്റപ്പെട്ടതല്ല ഇന്ത്യയിലെ പ്രതിഷേധം. ബംഗ്ലാദേശിൽ സർക്കാർ ജോലിയിലെ സംവരണ സംവിധാനത്തിനെതിരായ വിദ്യാർഥിപ്രക്ഷോഭം ഏതാനും ആഴ്ചകൾക്കുള്ളിൽ രാജ്യത്തിന്റെ രാഷ്ട്രീയഗതിയെ മാറ്റിമറിച്ചു.
നേപ്പാളിൽ യുവാക്കൾ ഭരണത്തിലെ കാര്യക്ഷമത, തൊഴിൽ, അഴിമതി, രാഷ്ട്രീയ ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളിൽ തുടർച്ചയായി ശബ്ദമുയർത്തുകയാണ്. സെർബിയയിൽ ഒരു പൊതുദുരന്തത്തെത്തുടർന്ന് ഭരണപരാജയവും അഴിമതിയും ചോദ്യം ചെയ്ത വിദ്യാർഥി പ്രക്ഷോഭങ്ങൾ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായി. ശ്രീലങ്കയിലെ സാന്പത്തിക തകർച്ചയ്ക്കെതിരായ ‘അരഗലയ ’യിൽ വിദ്യാർഥികളും യുവജനങ്ങളും നിർണായക പങ്കുവഹിച്ചു. അമേരിക്കയിലെ പ്രമുഖ സർവകലാശാലകളിൽ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ അരങ്ങേറി.
ചരിത്രത്തിന്റെ തുടർച്ച
ചരിത്രത്തിലൂടെ നടന്നാൽ വേറെയും രജതരേഖകൾ കാണാം. 1968ൽ ഫ്രാൻസിലുണ്ടായ വിദ്യാർഥിപ്രക്ഷോഭം രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചിന്തയെ മാറ്റിമറിച്ചു. 1989ൽ ചൈനയിലെ ടിയാനൻമെൻ സ്ക്വയറിൽ വിദ്യാർഥികൾ ജനാധിപത്യത്തിനായി നടത്തിയ സമരം ഇന്നും ലോകമനഃസാക്ഷിയെ സ്പർശിക്കുന്നു. ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭങ്ങളിലും ചിലിയിലെ വിദ്യാഭ്യാസപരിഷ്കാര പ്രസ്ഥാനങ്ങളിലും യുവാക്കൾ മുന്നണിയിലായിരുന്നു. ഓരോ കാലഘട്ടത്തിലും വിദ്യാർഥി പ്രതിഷേധങ്ങൾ ഭരണകൂടങ്ങളോട് നീതിയെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങളാണ് ഉന്നയിച്ചത്.
അക്രമാസക്ത സമരങ്ങളേക്കാൾ സമാധാനപരമായ പ്രക്ഷോഭങ്ങളായിരുന്നു ലോകത്ത് കൂടുതലും. സമാധാനപരമായ ജനകീയ പ്രക്ഷോഭങ്ങൾ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. അവ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ദീർഘകാല സ്ഥിരതയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
സോഷ്യൽ മീഡിയ
ഈ മാറ്റത്തിന്റെ ഏറ്റവും വലിയ ചാലകശക്തികളിലൊന്നാണ് സോഷ്യൽ മീഡിയ. ഇന്നത്തെ പ്രക്ഷോഭങ്ങൾ സ്മാർട്ട് ഫോണുകളിലും ഡിജിറ്റൽ ശൃംഖലകളിലുമാണ് വളരുന്നത്. ഒരു ഹാഷ്ടാഗ്, ഒരു വീഡിയോ, ഒരു ലൈവ് സംപ്രേഷണം. അതുമതി.
സന്ദേശം മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നു. ഡൽഹിയിലെ ഒരു വിദ്യാർഥിയുടെ അനുഭവം ധാക്കയിലോ ബെൽഗ്രേഡിലോ ന്യൂയോർക്കിലോ ഉള്ള യുവാവിന് ഉടൻ മനസിലാക്കാൻ കഴിയുന്നു. പ്രതിഷേധങ്ങൾക്ക് ദേശീയ അതിർത്തികൾ ഇല്ലാതാകുന്നതും അതുകൊണ്ടാണ്. എന്നാൽ, സോഷ്യൽ മീഡിയയുടെ മറ്റൊരു മുഖവും അവഗണിക്കാനാവില്ല. ഡിജിറ്റൽ മാധ്യമങ്ങൾ വ്യാജവിവരങ്ങളിലൂടെ പ്രതിഷേധങ്ങളെ കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുന്നു. അതോടെ സമരക്കാരുടെ ഉത്തരവാദിത്വം കൂടുന്നു.
പ്രതിഷേധങ്ങളുടെ സന്ദേശം
ഇന്നത്തെ യുവതലമുറ അധികാരം പിടിച്ചെടുക്കാനല്ല തെരുവിലിറങ്ങുന്നത്; അധികാരപ്രയോഗത്തിൽ കൂടുതൽ ഉത്തരവാദിത്വം തേടിയാണ്. പരീക്ഷകളിൽ സുതാര്യത വേണം. നിയമനങ്ങളിൽ നീതി വേണം. അഴിമതി അവസാനിക്കണം. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കണം.ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളിൽ യുവാക്കളുടെ ശബ്ദം കേൾക്കണം. ഇതെല്ലാമാണ് സമരവേദികളിൽ മുഴങ്ങുന്നത്.
ഭരണകൂടം കേൾക്കേണ്ട മുന്നറിയിപ്പ്
ലാത്തിയും പെല്ലറ്റുകളുമായി സമരങ്ങളെ നേരിടുന്ന ഭരണകൂടങ്ങൾ ലക്ഷണങ്ങളോടാണ് പോരാടുന്നത്. രോഗത്തോടല്ല. വിശ്വാസ പ്രതിസന്ധിയാണ് പ്രശ്നങ്ങളുടെ അടിത്തറ. യുവാക്കളുടെ ചോദ്യം ലളിതമാണ്:
"ഞങ്ങളുടെ അധ്വാനത്തിനും സ്വപ്നങ്ങൾക്കും ഭാവിക്കും ഉറപ്പുണ്ടോ?’ ആ ചോദ്യത്തെ ആർജവത്തോടെ നേരിടുന്ന സമൂഹങ്ങളാണ് ജനാധിപത്യത്തിന്റെയും നാളെയുടെയും വിജയികൾ. അതല്ലെങ്കിൽ തെരുവുകളിൽ പാറ്റകളുടെ ഇരന്പം ഇടയ്ക്കിടെ ഉയർന്നെന്നി രിക്കും.
Tags : Flames protest StudentProtest CJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash CrokroachParty