അഭിജിത് ദീപ്കെ
ന്യൂഡൽഹി: ഒരു വാചകം കൊണ്ട് ഒരു സമൂഹത്തെ മാറ്റിമറിക്കാൻ കഴിയുമോ? കഴിയും, അതാണ് ഇപ്പോൾ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലൂടെ ഡൽഹിയിൽ സംഭവിച്ചിരിക്കുന്നത്. ഒരു വാചകത്തിൽനിന്ന് ഒരു നായകൻ ജനിക്കുകയും നിരാശയിലും അമർഷത്തിലും കഴിഞ്ഞിരുന്ന ഇന്ത്യൻ യുവത്വത്തിന്റെ മുഖമായി മാറുകയും ചെയ്ത കാഴ്ച ജനാധിപത്യത്തിലെ ജ്വലിക്കുന്ന അധ്യായമായിരിക്കും. അതെ, ഇന്ദ്രപ്രസ്ഥത്തിൽ മറ്റൊരു നായകൻ ജനിച്ചിരിക്കുന്നു, യുവാക്കളുടെ ശബ്ദമായി, അഭിജിത് ദീപ്കെ!
എല്ലാ പാറ്റകളും ഒന്നിച്ചാൽ എങ്ങനെയുണ്ടാകും? എന്ന സോഷ്യൽ മീഡിയ കുറിപ്പിൽനിന്നാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന പ്രക്ഷോഭങ്ങളിലൊന്നിനു തുടക്കമാകുന്നത്. മേയ് 16-ന് എക്സിൽ പങ്കുവച്ച ചോദ്യത്തിലൂടെ, 30-കാരനായ പൊളിറ്റിക്കൽ കമ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റ് അഭിജിത് ദീപ്കെ ഇന്നു രാജ്യത്തെ, ജെൻ സി തലമുറയുടെ മുഖമായി മാറിയിരിക്കുകയാണ്. തൊഴിലില്ലാത്ത യുവാക്കളെയും സോഷ്യൽ മീഡിയ പ്രവർത്തകരെയും പാറ്റകൾ എന്ന് ഒരു പ്രസംഗത്തിൽ വിശേഷിപ്പിച്ച പരാമർശത്തോടുള്ള പരിഹാസരൂപേണയുള്ള പ്രതികരണമായിരുന്നു ഈ പോസ്റ്റ്.
ദീപ്കെയുടെ പോസ്റ്റ് വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. തുടർന്ന്, കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിൽ ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ പ്ലാറ്റ്ഫോം രൂപപ്പെടുകയും തൊഴില്ലായ്മയിലും ചോദ്യപേപ്പർ ചോർച്ചയിലും രോഷാകുലരായ ലക്ഷക്കണക്കിനു യുവാക്കളുടെ കൂട്ടായ്മയായി അതു മാറുകയും ചെയ്തു. പ്രവേശന പരീക്ഷയിലെ ക്രമക്കേടുകളെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് വിദ്യാർഥികളാണ് ജന്തർ മന്തറിൽ തടിച്ചുകൂടിയത്. ആവശ്യം നേടും വരെ അവർ വീറോടെ പോരാടി. രാജിക്കു ശേഷവും യുവാക്കൾ അവിടെത്തന്നെ തുടരുകയാണ്. ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്കുള്ള സഹായധനം ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾ നേടുംവരെ സമരം തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് ദീപ്കെ.
അമേരിക്കയിലെ ബോസ്റ്റണിൽ പ്രവർത്തിച്ചിരുന്ന ദീപ്കെ, ജൂൺ ആദ്യവാരത്തോടെ ഇന്ത്യയിൽ തിരിച്ചെത്തുകയും ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്കു നേരിട്ടു നേതൃത്വം നൽകുകയും ചെയ്യുകയായിരുന്നു. ജീൻസും ടി-ഷർട്ടും ധരിച്ച് പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത ദീപ്കെ, സമാധാനപരമായ മാർഗങ്ങളിലൂടെ സർക്കാരിന്മേൽ സമ്മർദം ചെലുത്താനാണ് അണികളോട് ആഹ്വാനം ചെയ്തത്.
മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ഒരു ദളിത് കുടുംബത്തിലാണ് അഭിജിത് ദീപ്കെ ജനിച്ചത്. കടുത്ത ദാരിദ്ര്യത്തോടു പോരാടിയാണ് ദീപ്കെ വളർന്നത്. തന്റെ ദളിത് പശ്ചാത്തലവും ഡോ. ബി.ആർ. അംബേദ്കറുടെ ആശയങ്ങളും രാഷ്ട്രീയ ബോധ്യങ്ങളെ വലിയരീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് ദീപ്കെ നേരത്തെ പറഞ്ഞിട്ടുണ്ട്.
നിരവധി പ്രമുഖർ ദീപ്കെയെ പിന്തുണച്ചപ്പോൾ, സിജെപിയുടെ ഇൻസ്റ്റഗ്രാം പേജിനു ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെയാണ് ലഭിച്ചത്. കുടുംബത്തിനുനേരേ ഭീഷണികളുണ്ടായിട്ടും പ്രക്ഷോഭത്തിൽനിന്നു പിന്മാറാൻ ദീപ്കെ തയാറായില്ല. വിദ്യാർഥികൾക്കു നീതി ലഭിക്കുന്നതുവരെ താൻ പോരാട്ടം തുടരുമെന്നും, രാജ്യത്തെ മുഖ്യധാര രാഷ്ട്രീയ ചർച്ചകളിൽനിന്ന് അകറ്റപ്പെട്ട യുവാക്കളുടെ ശബ്ദം വീണ്ടെടുക്കുകയാണ് ഈ മുന്നേറ്റത്തിന്റെ ലക്ഷ്യമെന്നും ദീപ്കെ വ്യക്തമാക്കിയിട്ടുണ്ട്.
മാസങ്ങൾ മാത്രം പ്രായമുള്ള യുവാക്കളുടെ പാർട്ടി നയിച്ച ആദ്യ സമരത്തിന്റെ മഹാവിജയം, രാജ്യത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെടും.
Tags : AbhijitDeepke CJP YouthMovement IndianPolitics