ന്യൂഡൽഹി: ലോകവ്യാപാര ഇടപാടുകളുടെ മാതാവ് (മദർ ഓഫ് ഓൾ ഡീൽസ്) എന്നു വിശേഷിപ്പിച്ച ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ (ഫ്രീ ട്രേഡ് എഗ്രിമെന്റ്- എഫ്ടിഎ) ഒപ്പുവച്ചു.
തന്ത്രപരമായ പ്രതിരോധ പങ്കാളിത്ത കരാറിലും മൊബിലിറ്റി കരാറിലും ഇരുപക്ഷവും ഒപ്പുവച്ചു. അടുത്ത വർഷം ആദ്യം കരാർ പ്രാബല്യത്തിലാകും.
കഴിഞ്ഞ വ്യാഴാഴ്ച ദീപിക റിപ്പോർട്ട് ചെയ്തതുപോലെ, ആഗോള ജിഡിപിയുടെ 25 ശതമാനമുള്ള, 190 കോടി ജനങ്ങളുടെ സംയോജിത വിപണിയായ ഇന്ത്യ- യൂറോപ്യൻ യൂണിയൻ (ഇയു) വ്യാപാര ഉടന്പടിയാണ് ഇന്നലെ ഒപ്പുവച്ചത്.
കടൽക്കൊള്ളയെ നേരിടാൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും സംയുക്ത നാവിക അഭ്യാസങ്ങൾ നടത്തും. സുരക്ഷ, പ്രതിരോധം, കണക്റ്റിവിറ്റി, സുസ്ഥിരത, സാങ്കേതികവിദ്യ, നവീകരണം, സമൃദ്ധി എന്നിവ മുതൽ ആഗോള പ്രശ്നങ്ങൾ വരെയുള്ള മേഖലകൾ തന്ത്രപരമായ സഹകരണത്തിലുണ്ട്.
അരക്ഷിതലോകത്ത് സുരക്ഷിതത്വം നൽകുന്ന ഉടന്പടി കൂടിയാണ് യൂറോപ്യൻ യൂണിയനുമായുള്ള തന്ത്രപരമായ ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനമാക്കിയുള്ള ലോകക്രമം സംരക്ഷിക്കുന്നതിനും ഇന്ത്യയും ഇയു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏകപക്ഷീയ നടപടികൾക്കെതിരേയുള്ള മറുപടി കൂടിയാണിത്. ഇന്ത്യക്കും 27 യൂറോപ്യൻ രാജ്യങ്ങൾക്കും ഒരുപോലെ നേട്ടമാകുന്നതും ചരിത്രപരവും എന്നാണു കരാറിനെ വിശേഷിപ്പിക്കുന്നത്.
യൂറോപ്യൻ കൗണ്സിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോണ് ദെർ ലെയ്നുമായി പ്രധാനമന്ത്രി മോദി ഡൽഹിയിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് വ്യാപാരക്കരാർ ഒപ്പുവച്ചത്. തിങ്കളാഴ്ച നടന്ന ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ഇരുവരെയും മുഖ്യാതിഥികളായി സ്വീകരിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വികസിതമായ 27 രാജ്യങ്ങളുടെ വ്യാപാര ബ്ലോക്കുമായി ഏറ്റവും വേഗത്തിൽ വളരുന്ന സന്പദ്വ്യവസ്ഥയായ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന നാഴികക്കല്ലാകും കരാർ. 2007 മുതൽ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഇന്ത്യ- ഇയു കരാർ യാഥാർഥ്യമായത്. 2013ൽ സ്തംഭിച്ചതിനുശേഷം, 2022 ജൂണിലാണു ചർച്ചകൾ പുനരുജ്ജീവിപ്പിച്ചത്. ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നു ഭാഗവും ഇതിലൂടെയാകും.
ഇന്ത്യയുടെ 22-ാമത്തെ സ്വതന്ത്ര വ്യാപാരക്കരാറാണ് യൂറോപ്യൻ യൂണിയനുമായി ഒപ്പുവച്ചത്. ജപ്പാൻ, യുകെ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, യുഎഇ, ഒമാൻ, സിംഗപ്പൂർ, മലേഷ്യ, ദക്ഷിണകൊറിയ, ആസിയാൻ രാജ്യങ്ങൾ, മൗറീഷ്യസ്, സാർക് രാജ്യങ്ങളുമായുള്ള സൗത്ത് ഏഷ്യൻ ഫ്രീ ട്രേഡ് ഏരിയ (സാഫ്റ്റ) തുടങ്ങിയവയാണു നേരത്തേയുള്ളവ.
ഫാർമസ്യൂട്ടിക്കൽസ്, എൻജിനിയറിംഗ് സാധനങ്ങൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ കയറ്റുമതി വർധിപ്പിക്കുന്നത് ഇന്ത്യക്കു നേട്ടമാകും. അമേരിക്കൻ തീരുവ ബാധിച്ച തുണിത്തരങ്ങൾ, ആഭരണങ്ങൾ, തുകൽ വസ്തുക്കൾ തുടങ്ങിയവയ്ക്ക് 27 വികസിതരാജ്യങ്ങളിൽ ബദൽ വിപണി തുറക്കും. തുണിത്തരങ്ങൾക്കുള്ള 10 ശതമാനം തീരുവ കരാർ നടപ്പിലാകുന്നതോടെ ഇല്ലാതാകും.
ഇന്ത്യൻ ഐടി, സേവന കയറ്റുമതിക്കും വിദഗ്ധ പ്രഫഷണലുകളുടെ കുടിയേറ്റത്തിനും കരാർ സഹായകമാകും. അമേരിക്കയെ ആശ്രയിക്കുന്നതു കുറയുകയും ചെയ്യും. സോളാർ അടക്കം പുനരുപയോഗ ഊർജ ഘടകങ്ങൾ പോലുള്ള ഇന്ത്യൻ വ്യവസായങ്ങൾക്കും അനുകൂല വിപണി ലഭിക്കും.
വിമാനം, ഓട്ടോമൊബൈൽസ്, ഇലക്ട്രിക്കൽ മെഷിനറികൾ, മദ്യം, വൈനുകൾ, പാനീയങ്ങൾ, കെമിക്കൽസ് തുടങ്ങിയവയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം. വിമാനഭാഗങ്ങൾ, വജ്രങ്ങൾ, ആഡംബര വസ്തുക്കൾ തുടങ്ങിയ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ പുതിയ വിപണി കണ്ടെത്താനാകും.
ബിഎംഡബ്ല്യു, മെഴ്സിഡസ് ബെൻസ്, ലംബോർഗിനി, റോൾസ് റോയ്സ്, ബെന്റ്ലി, മസെറാട്ടി, പോർഷെ, ലാൻഡ് റോവർ, ഔഡി തുടങ്ങിയ ആഡംബര കാറുകളുടെ ചില മോഡലുകൾക്കുള്ള ഇറക്കുമതി തീരുവയും അതുവഴി ഇന്ത്യയിലെ വിലയും കുറയും.
പൂർണമായി വിദേശത്തു നിർമിച്ച് (കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ്) ഇറക്കുമതി ചെയ്ത കാറുകൾക്കു മാത്രമേ ഇളവു ബാധകമാകൂ. ഇന്ത്യയിൽ അസംബ്ലി ചെയ്യാനായി ആശ്രയിക്കുന്ന (കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ്) യൂണിറ്റുകൾക്കു ബാധകമല്ല.
പ്രതിവർഷം രണ്ടര ലക്ഷം ആഡംബര കാറുകളുടെ ഇറക്കുതി മാത്രമാകും തുടക്കത്തിൽ അനുവദിക്കുക. നിലവിൽ 40,000 ഡോളറിനു മുകളിൽ വിലയുള്ള കാറുകൾക്ക് 110 ശതമാനവും അതിൽ താഴെയുള്ളവയ്ക്ക് 70 ശതമാനവുമാണീ ഇറക്കുമതി തീരുവ. ഇതു പടിപടിയായി 10 ശതമാനത്തിലേക്കു കുറയ്ക്കും.
യൂറോപ്യൻ വൈനുകളുടെ വിലയും കുറയും. യൂറോപ്യൻ യൂണിയനിലെ വില കൂടിയ വൈനുകളുടെ തീരുവ 150ൽനിന്ന് 20 ശതമാനമായി കുറയും. രണ്ടര യൂറോയിൽ താഴെയുള്ള വൈനുകൾക്ക് തീരുവ ഇളവുകളില്ല. ഇന്ത്യൻ വൈനുകൾക്കു ഇയു അംഗ രാജ്യങ്ങളിൽ തീരുവ ഇളവുകൾ ലഭിക്കും.
പാസ്തയും ചോക്ലേറ്റും ഉൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ വില കുറയും. നിലവിൽ ഇവയുടെ ഇറക്കുമതിക്കുള്ള 50 ശതമാനം തീരുവ പൂർണമായും ഇല്ലാതാകും.