ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയെ മാറ്റുന്നതിനെപ്പറ്റി നിലവിൽ ആലോചകളൊന്നുമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റിയേക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറെദിവസങ്ങളായി കർണാടക കോൺഗ്രസിനുള്ളിൽ നേതൃമാറ്റം സംബന്ധിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. മുഡ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നിയമനടപടികൾ സിദ്ധരാമയ്യക്കെതിരേ തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പദവിയിൽ മാറ്റമുണ്ടാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ, നിലവിൽ അത്തരമൊരു നീക്കം പാർട്ടിയുടെ പരിഗണനയിലില്ലെന്ന് ഖാർഗെ മാധ്യമങ്ങളോടു പറഞ്ഞു.
മുഖ്യമന്ത്രിയെ മാറ്റുന്നതിനെക്കുറിച്ച് ഇപ്പോൾ യാതൊരു ചർച്ചയും നടക്കുന്നില്ല. അത്തരം ചോദ്യങ്ങൾക്ക് പ്രസ്കതിയില്ല. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണെന്നും ഖാർഗെ വ്യക്തമാക്കി. കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ധരാമയ്യക്ക് പൂർണ പിന്തുണ നൽകുന്നുണ്ടെന്ന സൂചനയാണ് ഖാർഗെയുടെ വാക്കുകൾ നൽകുന്നത്.
ഭരണവിരുദ്ധവികാരം ഒഴിവാക്കാനും പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ ഒഴിവാക്കാനും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയോ മറ്റേതെങ്കിലും മുതിർന്ന നേതാവിനെയോ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, ഖാർഗെയുടെ പ്രസ്താവനയോട് ഈ അഭ്യൂഹങ്ങൾക്ക് താത്കാലിക വിരാമമായിരിക്കുകയാണ്. സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിലാണ് പാർട്ടി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സിദ്ധരാമയ്യക്കെതിരായ ആരോപണങ്ങളിൽ പാർട്ടി അദ്ദേഹത്തിനൊപ്പം നിൽക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
Tags : Karnataka CM Not Changed Kharge Congress