ന്യൂഡൽഹി: അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പിട്ടു. അടുത്ത ഒരു വർഷത്തേക്ക് 10 ലക്ഷം ടണ്‍ എൽപിജിയാണ് ഇറക്കുമതി ചെയ്യുക.
ആകെ ഇറക്കുമതിയുടെ 10 ശതമാനത്തോളമാണിത്. ഇറക്കുമതി സംബന്ധിച്ച് രാജ്യത്തെ എണ്ണ കന്പനികളുമായി ചർച്ച നടത്തിയെന്നും ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ഈ തീരുമാനമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.
യുഎസിന്റെ ഗൾഫ് കോസ്റ്റ് വഴിയാണ് ഇന്ത്യയിലേക്ക് എൽപിജി എത്തിക്കുക. ഇന്ത്യയിലെ പൊതുമേഖലാ എണ്ണ കന്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്പിസിഎൽ) തുടങ്ങിയവർ അമേരിക്കയിൽ നിന്നുള്ള എൽപിജി ഇറക്കുമതിക്കുള്ള സംയുക്ത ടെൻഡർ അമേരിക്കൻ എണ്ണ കന്പനികളായ ഷെവ്റോണ്‍, ഫിലിപ്സ് 66, ടോട്ടൽ എനർജീസ് ട്രേഡിംഗ് എന്നിവയ്ക്ക് നൽകിയതായാണ് വിവരം. എന്നാൽ ടെണ്ടർ സംബന്ധിച്ച പൂർണവിവരം ലഭ്യമല്ല. ഇന്ത്യൻ വിപണിയിലേക്ക് അമേരിക്കൻ എൽപിജി കന്പനികൾക്കുള്ള ആദ്യ കരാറാണിത്.
ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ ഭൂരിഭാഗവും സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്. പശ്ചിമേഷ്യക്കു പുറമെനിന്നുള്ള വിതരണക്കാർക്കും വിപണി തുറന്നുകൊടുക്കാൻ തയാറാകുന്നു എന്ന സൂചനയാണ് അമേരിക്കയുമായുള്ള കരാർ.
ഇന്ത്യ - അമേരിക്ക വ്യാപാരക്കരാർ ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. ഊർജമേഖലയിലെ സഹകരണമായിരുന്നു വ്യാപാരക്കരാറിൽ അമേരിക്ക പ്രധാനമായും ഉയർത്തിയിരുന്ന ആവശ്യം.
Tags : LPG from America LPG from USA Agreement signed