ഐഎഎസ് ഉദ്യോഗസ്ഥൻ തുക്കാറാം മുണ്ഠെ വിദ്യാർഥിക്കൊപ്പം
മുംബൈ: മഹാരാഷ്ട്രയിലെ സ്കൂൾ കാന്റീനുകളിൽ വിവാദമായ ജങ്ക് ഫുഡ് നിരോധനത്തിന് പിന്നാലെ, ഒരു വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി നൽകുന്ന ഭക്ഷ്യസുരക്ഷാ കമ്മീഷണർ തുക്കാറാം മുണ്ഠെയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്കൂളുകളിൽ വടപാവ് വീണ്ടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൊച്ചുകുട്ടി നേരിട്ട് ചോദിച്ചപ്പോഴാണ് മുണ്ഠെ അതിന് മറുപടി നൽകിയത്.
"വടപാവ് കഴിച്ചില്ലെങ്കിൽ നമ്മുടെ ജീവിതം നിന്നുപോകില്ല. നല്ല പോഷകാഹാരം കഴിച്ചാൽ ശരീരത്തിന്റെ വളർച്ച നന്നായി നടക്കും" എന്ന് വിദ്യാർഥിയോട് മുണ്ഠെ ചിരിച്ചുകൊണ്ട് പറഞ്ഞു. എണ്ണയിൽ വറുത്ത ജങ്ക് ഫുഡുകൾക്ക് പോഷകമൂല്യമില്ലെന്നും, ശരീരത്തിന്റെ വളർച്ചയ്ക്ക് പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമമാണ് പിന്തുടരേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ, ചൈനീസ് സ്ട്രീറ്റ് ഫുഡുകളിൽ ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങളെയും രാസവസ്തുക്കളെയും കുറിച്ച് കുട്ടികളെ അദ്ദേഹം ജാഗ്രതപ്പെടുത്തി.
കുട്ടികളിലെ അമിതവണ്ണം തടയുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നതിനുമായി സ്കൂൾ കാന്റീനുകളിലും പരിസരങ്ങളിലുമുള്ള വടപാവ്, ബർഗർ, സമോസ തുടങ്ങിയവയുടെ വിൽപ്പന മഹാരാഷ്ട്ര എഫ്ഡിഎ കർശനമായി നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാർഥിയുടെ ഈ ചോദ്യവും അതിന് മുണ്ഠെ നൽകിയ മാതൃകാപരമായ മറുപടിയും ചർച്ചയാകുന്നത്.
Tags : TukaramMundhe VadaPavban MaharashtraFDA schoolcanteen viral video Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash