മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലിം സമുദായത്തിനു ജോലിക്കും വിദ്യാഭ്യാസത്തിനും അനുവദിച്ച അഞ്ചു ശതമാനം സംവരണം സർക്കാർ റദ്ദാക്കി. ഇതു സംബന്ധിച്ച പ്രത്യേക ഉത്തരവ് ചൊവ്വാഴ്ചയാണ് സർക്കാർ പുറപ്പെടുവിച്ചത്.
സർക്കാർ തീരുമാനത്തിനെതിരേ വിവിധ മുസ്ലിം സംഘടനകളും കോൺഗ്രസ്, എൻസിപി എന്നിവ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.
2014 നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് അന്നത്തെ കോൺഗ്രസ്-എൻസിപി സർക്കാരാണ് മറാഠകൾക്ക് 16 ഉം മുസ്ലിംകൾക്ക് അഞ്ചും ശതമാനം സംവരണം ഏർപ്പെടുത്തി ഓർഡിനൻസ് ഇറക്കിയത്.
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിം വിഭാഗത്തെ പിന്നാക്കമായി പരിഗണിച്ച് അഞ്ചു ശതമാനം സംവരണം നല്‍കണമെന്നായിരുന്നു നിർദേശം. എന്നാൽ, 2014ൽ അധികാരത്തിലെത്തിയ ബിജെപി സർക്കാർ ഓർഡിനൻസ് നിയമമാക്കിയില്ല.