തിരുവനന്തപുരം: കേരളത്തിൽ രണ്ടു ജില്ലകളുടെ രൂപീകരണത്തെക്കുറിച്ചാകും ബജറ്റിൽ പ്രഖ്യാപിക്കുന്ന കമ്മീഷൻ പ്രധാനമായി പഠിക്കുക. മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂർ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നതാകും പ്രധാനമായി പരിശോധിക്കുക.
മലപ്പുറം ജില്ലയിലെ ഏതൊക്കെ പ്രദേശങ്ങൾ ഉൾപ്പെടുത്തണം, സമീപത്തെ തൃശൂർ, പാലക്കാട് ജില്ലയിലെ ഏതെങ്കിലും പ്രദേശങ്ങൾ പുതിയ ജില്ലയിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളാകും പ്രധാനമായി പരിഗണിക്കുക.
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല വേണമെന്ന അഭിപ്രായം യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിലെ പ്രധാന നേതാക്കളുടെ കൂടിയുള്ള ആവശ്യമാണ്. ഇടുക്കി, എറണാകുളം ജില്ലയിലെ ഭാഗങ്ങൾ ഉൾപ്പെടുത്തി മൂവാറ്റുപുഴ കേന്ദ്രമാക്കി പുതിയ ജില്ലയുടെ സാധ്യതയും സമിതി പരിഗണിച്ചേക്കും.
ലാൻഡ് റവന്യു കമ്മീഷണർ അധ്യക്ഷനായ സമിതിയാകും പുതിയ ജില്ല-താലൂക്ക് രൂപീകരണത്തെക്കുറിച്ചു പഠിക്കുക. വരുന്ന മന്ത്രിസഭായോഗങ്ങളിൽ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കും.
നേരത്തെ ഡോ. ഡി. ബാബുപോൾ അധ്യക്ഷനായ സമിതി മൂവാറ്റുപുഴ ജില്ല രൂപീകരിക്കുന്ന കാര്യം സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. എന്നാൽ, സാന്പത്തിക സ്ഥിതി അടക്കം അനുകൂലമല്ലാത്ത സാഹചര്യത്തിൽ ശിപാർശ ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റിൽ പുതിയ ജില്ലയുടെയും താലൂക്കിന്റെയും രൂപീകരണത്തിന് കമ്മീഷനെ നിയോഗിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
പുതിയ ജില്ലയും താലൂക്കും രൂപീകരിക്കുന്പോൾ വൻ സാന്പത്തിക ബാധ്യതയുണ്ടാകുമെന്ന അഭിപ്രായവുമുണ്ട്. സാന്പത്തിക ബാധ്യത അടക്കമുള്ള ഘടകങ്ങളും കമ്മീഷൻ പരിശോധിക്കാൻ സാധ്യതയുണ്ട്. നിലവിലെ വലിയ താലൂക്കുകൾ ഭരണസൗകര്യാർഥവും ജനങ്ങളുടെ സൗകര്യവും കണക്കിലെടുത്തു വിഭജിക്കണമെന്ന ശിപാർശയുമുണ്ട്.
1984ൽ കാസർഗോഡാണ് കേരളത്തിൽ അവസാനമായി രൂപീകരിച്ച ജില്ല.
Tags : Formation new districts study report commission Kerala Budget@2026