ഭഗവന്ത്
ചണ്ഡീഗഡ്: ബലാത്സംഗക്കേസ് ഒതുക്കിത്തീർക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ ഭാര്യ പണം ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം ശക്തമാകുന്നു. ഭാര്യയ്ക്കെതിരായ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും ശിരോമണി അകാലിദളും കോൺഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഭാര്യ ഗുർപ്രീത് കൗർ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് വിരമിച്ച ജഡ്ജി രഞ്ജിത് സിംഗ് പരസ്യമായി പ്രസ്താവിച്ചത്. കോൺഗ്രസ് എംഎൽഎയുടെ ഭാര്യാ സഹോദരനാണ് രഞ്ജിത് സിംഗ്. ഈ വിവാദത്തിന് പിന്നാലെ ഗുർപ്രീത് ജഡ്ജിക്ക് എതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പഞ്ചാബ് സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും നേരത്തെ നോട്ടീസ് അയച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ വിഷയം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപിന്നാലെയാണ് പ്രതിപക്ഷ പാർട്ടികൾ ഭഗവന്ത് മാനിന്‍റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും തള്ളിക്കൊണ്ട് ഗുർപ്രീത് കൗർ രംഗത്തെത്തി. ആരോപണങ്ങളും അടിസ്ഥാനരഹിതമായ കാര്യങ്ങളും ഉന്നയിക്കാൻ എളുപ്പമാണെന്നും എല്ലാ ആരോപണങ്ങളെയും നേരിടാൻ തങ്ങൾ തയാറാണെന്നും അവർ വ്യക്തമാക്കി.
Tags : RapeCase Opposition Punjab Resignation