ഗാസിയാബാദ്: നാലു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗാസിയാബാദിൽ നടന്ന സംഭവത്തിൽ ജസീം (ഛോട്ടു) ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ രണ്ടു പോലീസുകാർക്കും പരിക്കേറ്റു.
കഴിഞ്ഞ 11ന് ഇയാൾ നാലു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്കു ഗാസിയാബാദ് പോലീസ് കമ്മീഷണർ 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ ഇയാളുടെ ഒളിവിടത്തെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചു. തുടർന്ന് പോലീസ് സംഘം ഇയാളെ വളഞ്ഞതോടെ പ്രതി പോലീസിനുനേരേ വെടിയുതിർക്കുകയായിരുന്നു. ഇതോടെ പോലീസും തിരിച്ചടിച്ചു. വെടിയേറ്റ ജസീം സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു.
വെടിയേറ്റ രണ്ടു പോലീസുകാർ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു. കൊല്ലപ്പെട്ട ജസീം കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ്.
Tags : rape murder accused killed police encounter