ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു. മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ് നിയമനം.
ചൊവ്വാഴ്ച ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തിയിരുന്നു. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡി.കെ.ശിവകുമാറിനൊപ്പം മലയാളികളായ കെ.ജെ.ജോർജ്, യു.ടി.ഖാദർ എന്നിവരും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ.യതീന്ദ്രയും മന്ത്രിമാരാകും.
ആദ്യഘട്ടത്തിൽ 12 മന്ത്രിമാരുണ്ടാകുമെന്നാണു സൂചന. രാജ്യസഭ, നിയമനിർമാണ കൗൺസിൽ തെരഞ്ഞെടുപ്പുകൾക്കു ശേഷമായിരിക്കും രണ്ടാം ഘട്ട മന്ത്രിസഭാ വികസനം.