ന്യൂഡൽഹി ∙ പെൺമക്കൾ വിവാഹിതരായെന്ന കാരണത്താൽ ആശ്രിതനിയമനത്തിനു പരിഗണിക്കാതിരിക്കാൻ കഴിയില്ലെന്ന നിർണായകവിധിയുമായി സുപ്രീംകോടതി. ജഡ്ജിമാരായ പി.എസ്.നരസിംഹ, ആലോക് ആരാധെ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
റേഷൻ കടയുടമയുടെ മകൾ നൽകിയ ഹർജിയിലാണു സുപ്രീം കോടതിയുടെ ഇടപെടൽ. പിതാവിന്റെ മരണത്തിന് പിന്നാലെ, റേഷൻ കട തനിക്ക് അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് മകൾ കോടതിയെ സമീപിച്ചത്.
വിവാഹിതരായ സ്ത്രീകൾ കുടുംബം എന്ന നിർവചനത്തിന്റെ പരിധിയിൽ വരില്ലെന്നും ആശ്രിതനിയമനത്തിനു പരിഗണിക്കാൻ കഴിയില്ലെന്നുമുള്ള അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കുടുംബം എന്നതിന്റെ നിർവചനത്തിൽനിന്ന് ഇവരെ ഒഴിവാക്കുന്നത് അന്യായവും ഭരണഘടനാവിരുദ്ധവുമാണെന്നും കോടതി വ്യക്തമാക്കി.
Tags : supreme court married daughters employment rights