ചെന്നൈ: തമിഴ്നാട്ടിൽ വിജയ് മന്ത്രിസഭയിലേക്ക് കോൺഗ്രസും. മന്ത്രിസഭ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് കോൺഗ്രസ് എംഎൽഎമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആറ് പതിറ്റാണ്ടിന് ശേഷമാണ് തമിഴ്നാട്ടിൽ കോൺഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നത്.
കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. രാവിലെ 10ഓടെ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും.
കൃഷി, ഉന്നത വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ നിലവിൽ മന്ത്രിമാരില്ലാത്ത സാഹചര്യം പരിഹരിക്കാനാണ് മന്ത്രിസഭാ വികസനം. കോൺഗ്രസിനെ ഭരണത്തിൽ ഉൾപ്പെടുത്തിയത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സഖ്യം ശക്തമാക്കാനും സഹായിക്കുമെന്നാണ് ടിവികെ വിലയിരുത്തൽ.