ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂരിൽ മകനെ ഉപദ്രവിച്ച ഭർത്താവിനെ യുവതി കൊലപ്പെടുത്തി. നാല് വർഷമായി പിരിഞ്ഞുതാമസിക്കുന്ന ഭാര്യയുടെ കുടുംബവീട്ടിലെത്തി മകനെ ക്രൂരമായി ഉപദ്രവിച്ച ദീൻദയാൽ കുശ്വാഹയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ നീലം കുശ്വാഹയെ പോലീസ് കസ്റ്റഡിയിലെടുത്തു.
നാല് വർഷമായി ദീൻദയാലുമായി പിരിഞ്ഞ് സ്വന്തം കുടുംബവീട്ടിലായിരുന്നു നീലം താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ദീൻദയാൽ വീടിന്റെ വാതിൽ ബലമായി തുറന്ന് അകത്തുകയറുകയും മകന്റെ കാലുകളിൽ പിടിച്ച് തലകീഴായി കെട്ടിത്തൂക്കുകയുമായിരുന്നു.
ഉടൻ തന്നെ നീലം സമീപത്തുണ്ടായിരുന്ന വടിയെടുത്ത് ദീൻദയാലിനെ തുടർച്ചയായി അടിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം നീലം എട്ട് മണിക്കൂറോളം മൃതദേഹത്തിന് സമീപം തന്നെയിരുന്നു. തുടർന്ന് സമീപത്തെ ക്ഷേത്രത്തിലെത്തിയ യുവതി പ്രാർഥിച്ച ശേഷം സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെത്തുകയും കൊലപാതക വിവരം അറിയിക്കുകയും ചെയ്തു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ദീൻദയാൽ മുൻപും ഭാര്യയെയും മകനെയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.