കോളിൻ ഗ്രേ
ജോർജിയ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് 14 വയസുകാരനായ മകൻ നടത്തിയ സ്കൂൾ കൂട്ടവെടിവയ്പുമായി ബന്ധപ്പെട്ട് പിതാവ് കോളിൻ ഗ്രേയ്ക്ക് (55) കോടതി 15 വർഷം തടവുശിക്ഷ വിധിച്ചു.
കുട്ടിയുടെ അക്രമസ്വഭാവത്തെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും തോക്ക് വാങ്ങി നൽകുകയും അത് സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തതാണ് ശിക്ഷയ്ക്ക് വഴിവച്ചത്.
2024 സെപ്റ്റംബറിൽ അപലാച്ചി ഹൈസ്കൂളിൽ നടന്ന വെടിവയ്പിൽ രണ്ട് വിദ്യാർഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തെ തുടർന്ന് കോളിൻ ഗ്രേയ്ക്കെതിരേ രണ്ടാം ഡിഗ്രി കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിരുന്നു. വെടിവയ്പ് നടത്തിയ മകൻ കോൾട്ട് ഗ്രേയ്ക്ക് (16) ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
കുട്ടികൾ നടത്തുന്ന കൂട്ടവെടിവയ്പുകളിൽ മാതാപിതാക്കളെ ക്രിമിനൽ ഉത്തരവാദിത്തത്തിന് വിധേയരാക്കി ശിക്ഷിക്കുന്ന അമേരിക്കയിലെ അപൂർവ കേസുകളിലൊന്നായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.
മകന്റെ മാനസികാവസ്ഥയും അക്രമസാധ്യതയും സംബന്ധിച്ച മുന്നറിയിപ്പുകൾ അവഗണിച്ചതാണ് പിതാവിനെ കുറ്റക്കാരനാക്കുന്നതിൽ നിർണായകമായത്.
Tags : SchoolShooting Georgia GunViolence USNews