യുഎഇയിൽ ഇന്ത്യൻ വനിതയുടെ വധശിക്ഷ നടപ്പാക്കി
Tuesday, March 4, 2025 11:57 AM IST
അബുദാബി: യുഎഇയിൽ ഇന്ത്യൻ വനിത ഷഹ്സാദി ഖാന്റെ വധശിക്ഷ നടപ്പാക്കി. ഫെബ്രുവരി 15നാണ് വധശിക്ഷ നടപ്പാക്കിയത്. ഷഹ്സാദി(33) പരിചരിച്ചിരുന്ന ഇന്ത്യൻ ദന്പതികളുടെ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസിലാണ് വധശിക്ഷ ലഭിച്ചത്.
ഷഹ്സാദിയുടെ സംസ്കാരം ബുധനാഴ്ച നടക്കും. 2023 ജൂലൈ 31നാണ് ഇവരെ അബുദാബി കോടതി വധശിക്ഷയ്ക്കു വിധിച്ചത്. തുടർന്ന് അൽ വാത്ബ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ബന്ദ ജില്ലക്കാരിയാണ് ഷഹ്സാദി ഖാൻ.
വധശിക്ഷ നടപ്പാക്കിയ കാര്യം ഫെബ്രുവരി 28നാണ് ഇന്ത്യൻ എംബസിയെ അറിയിച്ചതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ(എഎസ്ജി) ചേതൻ ശർമ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
വധശിക്ഷ കാത്തു തടവിൽ കഴിയുന്ന മകളുടെ അവസ്ഥ അറിയാൻ പിതാവ് ഷബീർ ഖാൻ ആണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 14ന് ഷഹ്സാദി കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചിരുന്നു.
ഒന്നോ രണ്ടോ ദിവസത്തിനകം തന്റെ വധശിക്ഷ നടപ്പാക്കുമെന്നും ഇത് അവസാന വിളിയാണെന്നും ഷഹ്സാദി മാതാപിതാക്കളോടു പറഞ്ഞിരുന്നു. തുടർന്ന് മകളുടെ വിവരമൊന്നും അറിയാൻ കഴിഞ്ഞില്ലെന്ന് ഷബീർ ഖാൻ പറഞ്ഞു. 2021 ഡിസംബറിലാണ് ഷഹ്സാദ അബുദാബിയിലെത്തിയത്.