ന്യൂയോർക്ക്: ഫൊക്കാനയുടെ 2026-2028 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രസിഡൻഷ്യൽ സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള "ടീം ഇന്റഗ്രിറ്റി' സമഗ്രമായ പ്രകടനപത്രിക പുറത്തിറക്കി.
"തലമുറകളെ ബന്ധിപ്പിക്കുക, സമൂഹങ്ങളെ ശാക്തീകരിക്കുക, മലയാളി വ്യക്തിത്വത്തെ ഉയർത്തുക' എന്ന മുദ്രാവാക്യവുമായി പുറത്തിറക്കിയ പ്രകടനപത്രികയിൽ, ഫൊക്കാനയെ വാർഷിക കൺവൻഷനുകളിൽ ഒതുങ്ങുന്ന സംഘടനയിൽ നിന്ന് വർഷം മുഴുവൻ പ്രവർത്തിക്കുന്ന ഒരു ആഗോള മലയാളി ഇക്കോസിസ്റ്റമാക്കി മാറ്റുമെന്ന കാഴ്ചപ്പാടാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് നേതൃത്വം അറിയിച്ചു.
പ്രകടനപത്രികയുടെ ഭാഗമായി മൂന്ന് പ്രധാന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മേഖലകളിൽ മികവ് തെളിയിച്ച 100 മലയാളികളെ ആദരിക്കുന്ന ഫൊക്കാന 100 ലീഡേഴ്സ് റെക്കഗ്നിഷൻ ഇനിഷ്യേറ്റീവ്, അംഗസംഘടനകളെ ഒരു കുടക്കീഴിൽ ബന്ധിപ്പിക്കുന്ന മലയാളി കണക്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം, ഭാവി തലമുറ നേതാക്കളെ വളർത്തിയെടുക്കാനുള്ള ഫൊക്കാന ഫ്യൂച്ചർ ലീഡേഴ്സ് അക്കാദമി എന്നിവ.
ഏഴ് പ്രധാന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാണ് സംഘടനയുടെ ഭാവി വികസന കാഴ്ചപ്പാട് രൂപപ്പെടുത്തിയിരിക്കുന്നത്. യുവജന ശാക്തീകരണം, കുടുംബ-സീനിയർ പരിചരണം, സംസ്കാര-സാഹിത്യ സംരക്ഷണം, തൊഴിൽ-ബിസിനസ് വളർച്ച, വനിതാ ശാക്തീകരണം, കായിക-ആരോഗ്യ വികസനം, സുതാര്യ ഭരണസംവിധാനം എന്നിവ.

യുവജനങ്ങൾക്ക് ദേശീയ തലത്തിലുള്ള ഫൊക്കാന യൂത്ത് കൗൺസിൽ, മെന്റർഷിപ്പ് നെറ്റ്വർക്ക്, കേരള-അമേരിക്ക വിദ്യാർഥി കൈമാറ്റ പദ്ധതികൾ, യുവജനോത്സവം, സ്റ്റാർട്ടപ്പ് ചലഞ്ച് എന്നിവ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളം പഠനത്തിനും സംസ്കാര സംരക്ഷണത്തിനുമായി ഏകീകൃത ഡിജിറ്റൽ പഠന പ്ലാറ്റ്ഫോമും രൂപീകരിക്കും.
സീനിയർ സിറ്റിസൻസിനും കുടുംബങ്ങൾക്കും വേണ്ടി പ്രത്യേക സപ്പോർട്ട് നെറ്റ്വർക്ക്, ആരോഗ്യ സേവനങ്ങൾ, കേരളത്തിലെ സ്വത്ത്-നിയമ പ്രശ്നങ്ങൾക്കുള്ള ഹെൽപ് ഡെസ്ക്, അടിയന്തര സാഹചര്യങ്ങളിൽ സഹായം എത്തിക്കുന്ന എമർജൻസി റെസ്പോൺസ് സംവിധാനവും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്ക് പ്രത്യേക ഊന്നൽ നൽകുന്ന ടീം ഇന്റഗ്രിറ്റി, അമേരിക്കൻ സ്കൂൾ ജില്ലകളിലും സർവകലാശാലകളിലും മലയാളത്തെ രണ്ടാം ഭാഷയായി പ്രോത്സാഹിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.
സാഹിത്യകാരന്മാർക്കും എഴുത്തുകാർക്കും കൂടുതൽ വേദികൾ ഒരുക്കുമെന്നും കേരള സർക്കാരുമായും ഇന്ത്യൻ നയതന്ത്ര സംവിധാനങ്ങളുമായും സഹകരണം ശക്തമാക്കുമെന്നും രേഖയിൽ പറയുന്നു.

തൊഴിൽ-ബിസിനസ് രംഗത്ത് മലയാളികൾക്കായി ജോബ് & ടാലന്റ് പോർട്ടൽ, സിഎക്സ്ഒ ലീഡർഷിപ്പ് നെറ്റ്വർക്ക്, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സംവിധാനം, വീസ-ഇമിഗ്രേഷൻ സഹായ ഫോറം, വിവിധ തൊഴിൽ മേഖലകൾ കേന്ദ്രീകരിച്ച പ്രൊഫഷണൽ നെറ്റ്വർക്കുകൾ എന്നിവ ആരംഭിക്കാനും പദ്ധതിയുണ്ട്.
വനിതാ ശാക്തീകരണത്തിന് പ്രത്യേക പ്രാധാന്യം നൽകുന്ന പ്രകടനപത്രികയിൽ വനിതാ ഫോറത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കൽ, ജോലിയിൽ തിരിച്ചെത്തുന്ന സ്ത്രീകൾക്കായുള്ള പരിശീലന പരിപാടികൾ, വനിതാ സംരംഭക ശൃംഖല, ആരോഗ്യ-മാനസികാരോഗ്യ പദ്ധതികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. വനിതാ ഫോറത്തിന്റെ പ്രത്യേക പ്രകടനപത്രികയും പുറത്തിറക്കിയിട്ടുണ്ട്.
കായിക രംഗത്ത് ദേശീയ സ്പോർട്സ് ലീഗ്, വാർഷിക ഫൊക്കാന ഗെയിംസ്, യുവജന കായിക പരിശീലന പദ്ധതികൾ, വെൽനസ് ചലഞ്ചുകൾ എന്നിവ നടപ്പാക്കുമെന്ന് ടീം പ്രഖ്യാപിച്ചു.
സാമ്പത്തിക സുതാര്യത ഉറപ്പാക്കാൻ ഫൊക്കാനയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം, ഓൺലൈൻ അംഗത്വ സംവിധാനം, ഇവന്റ് മാനേജ്മെന്റ്, വോട്ടിംഗ് സംവിധാനം, ത്രൈമാസ സാമ്പത്തിക റിപ്പോർട്ടുകൾ, അംഗസംഘടനകളുമായി സ്ഥിരം ആശയവിനിമയ സംവിധാനം എന്നിവ നടപ്പിലാക്കുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നു.
ഭാവി തലമുറയെ പൊതുസേവനത്തിലേക്കും രാഷ്ട്രീയ നേതൃത്വത്തിലേക്കും എത്തിക്കുന്ന യംഗ് മലയാളി സിവിക് എൻഗേജ്മെന്റ് പ്രോഗ്രാം, മലയാളി അമേരിക്കൻ അനുഭവങ്ങൾ രേഖപ്പെടുത്തുന്ന മലയാളി ഐഡന്റിറ്റി ഇൻ നോർത്ത് അമേരിക്ക പദ്ധതി എന്നിവയും ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമാണ്.
ഒരു സമൂഹം, ഒരേ ദർശനം, ഒരേ ഭാവി എന്ന സന്ദേശത്തോടെയാണ് ടീം ഇന്റഗ്രിറ്റി തങ്ങളുടെ പ്രകടനപത്രിക അവതരിപ്പിച്ചിരിക്കുന്നത്. ഫൊക്കാനയുടെ ഏറ്റവും വലിയ സമ്പത്ത് അതിന്റെ അംഗങ്ങളാണെന്നും, അർഥവത്തായ പ്രവർത്തനങ്ങളിലൂടെ സംഘടനയെ വളർത്തുകയാണ് ലക്ഷ്യമെന്നും പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു.

ഫൊക്കാന കൺവൻഷൻ വേദിയായി ടൈംസ് സ്ക്വയർ മാരിയറ്റ് ലക്ഷ്യമിട്ട് ടീം ഇന്റഗ്രിറ്റി
ടീം ഇന്റഗ്രിറ്റി ഫൊക്കാനയുടെ അമരത്ത് വന്നാൽ ന്യൂയോർക്ക് ടൈംസ് സ്ക്വയറിയിലെ മാരിയറ്റ് മാർക്വീസ് ഹോട്ടലിൽ കൺവൻഷൻ നടത്താൻ കഴിയുമെന്ന ആത്മവിശ്വാസവുമായി ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പാനൽ സംഘടനയുടെ അടുത്ത രണ്ട് വർഷത്തെ പ്രയാണത്തിന്റെ ദിശാസൂചികയായ പ്രകടനപത്രിക പുറത്തിറക്കി.
വെസ്റ്റ്ചെസ്റ്ററിൽ വൽഹാലയിൽ മൗണ്ട് പ്ലെസന്റ് കമ്യൂണിറ്റി സെന്ററിൽ ഇന്ത്യ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പത്രസമ്മേളനത്തിലാണ് സുപ്രധാനമായ ലക്ഷ്യങ്ങളടങ്ങിയ മാനിഫെസ്റ്റോ പുറത്തിറക്കിയത്.
ഈ വർഷത്തെ കൺവൻഷൻ നടക്കുന്ന പോക്കനോസിലെ കൽഹാരി റിസോർട്ടിൽ മുറികൾക്ക് നൽകുന്ന വാടകയേക്കാൾ കുറഞ്ഞ നിരക്കിൽ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായ ടൈംസ് സ്ക്വയറിലെ മാറിയറ്റിൽ റൂമുകൾ ലഭിക്കാൻ സാധ്യതയുണ്ട്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ലോക കേരളം സഭ നടന്നത് ഇവിടെ വച്ചാണ്. മുമ്പ് ഒരു മലയാളി സംഘടനയും ന്യൂയോർക്ക് സിറ്റിയിൽ കൺവൻഷൻ നടത്തിയിട്ടില്ല എന്നത് തിരുത്തിക്കുറിക്കുമെന്ന വിശ്വസമാണ് ഫിലിപ്പോസ് ഫിലിപ്പും ടീമും പ്രകടിപ്പിച്ചത്.

വാർത്താസമ്മേളനത്തിൽ ടീം ഇന്റഗ്രിറ്റിയുടെ പ്രധാന ഭാരവാഹികളെ "മീറ്റ് ആൻഡ് ഗ്രീറ്റിന്റെ' ഭാഗമായി ഔദ്യോഗികമായി പരിചയപ്പെടുത്തി. സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ (ഷിക്കാഗോ), ട്രഷറർ ആന്റോ വർക്കി, വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജോസി കാരക്കാട്ട് (കാനഡ), അസോസിയേറ്റ് സെക്രട്ടറി സ്ഥാനാർഥിയും ലോകകേരളസഭ മുൻ അംഗവും എഐ വിദഗ്ധനും എഴുത്തുകാരനുമായ സോണി അമ്പൂക്കൻ, അസോസിയേറ്റ് ട്രഷറർ സ്ഥാനാർഥിയും അമേരിക്കൻ മലയാളി സമൂഹത്തിന് സുപരിചിതനായ കമ്യൂണിറ്റി നേതാവുമായ അപ്പുക്കുട്ടൻ പിള്ള, അഡി. അസോ. സെക്രട്ടറി ഡോ. അജു ഉമ്മൻ എന്നിവർ തങ്ങളുടെ നിലപാടുകൾ വിശദീകരിക്കുകയും ഈ ടീമിലെ എല്ലാവരെയും എന്തുകൊണ്ട് വിജയിപ്പിക്കണമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
കൂടാതെ, ആർവിപി സ്ഥാനാർഥികളായ ഫോബി പോൾ (ന്യൂ ഇംഗ്ലണ്ട് റീജിയൺ -1), ജോൺ ജോർജ് (മെട്രോ ന്യു യോർക്ക്-റീജിയൺ 2), അഭിലാഷ് പുളിക്കത്തൊടി (അപ്പസ്റ്റേറ്റ് ന്യൂയോർക്ക്-റീജിയൺ 3), എബ്രഹാം പോത്തൻ (ന്യു ജേഴ്സി-റീജിയൺ 4) നാഷണൽ കമ്മിറ്റി സ്ഥാനാർഥികളായ അജു എബ്രഹാം, ഷൈമി ജേക്കബ്, ശിവ് തഷ്ണാദ്, ആദർശ് രവീന്ദ്രൻ, മേരി ഫിലിപ്, യൂത്ത് കമ്മിറ്റി അംഗം സാറാ പോത്തൻ തുടങ്ങിയവരും പങ്കെടുത്തു.
അമേരിക്കൻ മലയാളി മാധ്യമരംഗത്തെ പ്രമുഖ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് സജി എബ്രഹാമിന്റെ നേതൃത്വത്തിൽ ജോർജ് ജോസഫ്, ടാജ് മാത്യു, ജോസ് കാടാപ്പുറം, സുനിൽ ട്രൈസ്റ്റാർ, ജേക്കബ് മാനുവൽ തുടങ്ങിയവർ പങ്കെടുത്തു.
പ്രസ് ക്ലബ് മുൻ നാഷണൽ പ്രസിഡന്റ് ടാജ് മാത്യു സ്വാഗതം ആശംസിച്ചു. പത്രസമ്മേളനത്തെത്തുടർന്ന് നടന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ ഒട്ടേറെ പേർ പങ്കെടുക്കുകയും ടീമിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ചടങ്ങിൽ ഫിലിപ്പോസ് ഫിലിപ്പിന്റെ ജന്മദിനം പ്രമാണിച്ച് കേക്ക് മുറിച്ചു. ജോയി ഇട്ടൻ, ടെറൻസൺ തോമസ്, മത്തായി പി. ദാസ്, അലക്സ് എബ്രഹാം, ടോം നൈനാൻ, മത്തായി ചാക്കോ, ലിജോ ജോൺ തുടങ്ങി പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
Tags : Fokana International Convention Team integrity USA