ഹെറിഫോഡ്: അപ്പോസ്ത്തോലിക സഭകളുടെ നേതൃത്വത്തിൽ ഹെറിഫോഡിലെ വിശ്വാസികളെ പങ്കെടുപ്പിച്ച് കേരള ക്രിസ്ത്യൻ എക്യുമിനിക്കൽ ഫെലോഷിപ്പ് കെസിഇഎഫിന്റെ ഉദ്ഘാടനവും ഈസ്റ്റർ സംഗമവും നടന്നു.
ഈ മാസം 18ന് വൈകുന്നേരം മൂന്നിന് ആരംഭിച്ച പരിപാടികൾ രാത്രി 8.30ന് സമാപിച്ചു. പൊതുസമ്മേളനം, കലാ പരിപാടികൾ, വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കും 20 വർഷങ്ങൾ യുകെയിൽ പൂർത്തിയാക്കിയ സഹോദരങ്ങൾക്കും ആദരവ് തുടങ്ങി വിവിധങ്ങളായ പരിപാടികൾ സംഗമത്തിന് കൊഴുപ്പേകി.

റവ.ഫാ. ജിബിൻ വാമറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. റവ.ഫാ. നോബിൾ ഏബ്രഹാം കെസിഇഎഫ് സോഷ്യൽ മീഡിയ പേജ് ഉദ്ഘാടനം ചെയ്തു. റവ.ഫാ. രെഞ്ചു സ്കറിയ കെസിഇഎഫ് - ഹെറിഫോഡ് ഉദ്ഘാടനം ചെയ്തു സംസാരിച്ച് വൈദീകരുടെ സാനിധ്യം സംഗമത്തിന് ആത്മീയ നിറവ് പകർന്നു.
കൊച്ചു മാലാഖ കുരുന്നുകളുടെ അവതരണ നൃത്തം, അന്യം നിന്നു പോകുന്ന ആദിമ ക്രൈസ്തവ കലാരൂപം മാർഗം കളി അതീവ ഭംഗിയോടെ നീതു ജോൺസണും സംഘവും വേദിയിൽ അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കൈയടിയോടെ കാണികൾ അത് ഹൃദയത്തിലേറ്റി, വിശുദ്ധ വേദഗ്രന്ഥത്തിൽ നിന്നടർത്തിയെടുത്ത "സ്വർഗത്തിന്റെ താക്കോൽ' ലഘുനാടകം അവതരണ രീതിയിൽ മികവു പുലർത്തി വ്യത്യസ്ത അനുഭവമാക്കി.

20ൽ പരം ഗായകർ അണിനിരന്ന പ്രശ്സ്ത സംഗീത സംവിധായകൻ ജോബി ജോണിയുടെ നേതൃത്വത്തിലുള്ള മെഗാ ക്വയർ സംഗമത്തെ സംഗീത സാന്ദ്രമാക്കി. ഹെറിഫോഡിലെ ഗായകരുടെ ഭക്തി ഗാനസുധയോടെ പരിപാടികൾ സമാപിച്ചു.
അരുൺ ജോർജ് (പിആർഒ), സുബി തോമസ്, ഷൈലു ജോസ്, ഷാജൻ വർഗീസ്, ക്രിസിൻ ഐസക്ക്, സാജൻ ജോസഫ്, അനീഷ് വഞ്ചിത്താനം, ജസ്റ്റിൻ പള്ളിപ്പാടൻ, അനൂപ് മത്തായി, ഗ്ലെൻ, എമിൽ ഫിലിപ്പ്, ഷൈജോ കുര്യാക്കോസ്, ബിജു വർഗീസ്, ഡെക്സി ഈപ്പൻ, അനീഷ ജസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.

ബിനോയ് സേവ്യർ സ്വാഗതവും ജെയ്സൺ ആറ്റുവാ നന്ദിയും രേഖപ്പെടുത്തി. ഹെറിഫോഡിലെ സഭകളുടെ കൂട്ടായ്മയോടെ കൂടുതൽ ആത്മീയ പരിപാടികളുമായി സമൂഹത്തിൽ പ്രകാശം പരത്തി കെസിഇഎഫിന്റെ പ്രവർത്തനങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു. അനീഷ് ജോർജ്, സിതാര അനോഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Tags : Hereford KCEF Easter Celebration